Wed. Apr 24th, 2024

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ചു. കർണാടക വിധാൻ സൗധയിലെത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, പാർട്ടി നേതാക്കൾ തുടങ്ങിയവർ പത്രികാ സമർപ്പണ വേളയിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.


നാളെയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. ബി ജെ പിയുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭയിൽ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ യു ടി ഖാദർ ജയിക്കുമെന്ന് ഉറപ്പാണ്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറും ആദ്യ മുസ്ലിം സ്പീക്കറുമാകും ഖാദർ. 53കാരനായ ഖാദര്‍ നേരത്തേ നിയമസഭയില്‍ ഉപ പ്രതിപക്ഷ നേതാവായും സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയായും സേവനം ചെയ്തിട്ടുണ്ട്.

കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയും ദേശീയ ജന.സെക്രട്ടറി കെ സി വേണുഗോപാലും ഈയടുത്ത് ഖാദറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മംഗലാപുരം മണ്ഡലത്തെയാണ് യു ടി ഖാദര്‍ പ്രതിനിധാനം ചെയ്യുന്നത്. അഞ്ച് തവണ എം എല്‍ എയായി വിജയിച്ചു.