Sun. Apr 14th, 2024

പോത്തൻകോട്: അഞ്ചു കിലോ മാമ്പഴം വാങ്ങി,​ പണം അസിസ്റ്റന്റ് കമ്മിഷണറും എസ്.എച്ച്.ഒയും നൽകുമെന്ന് പറഞ്ഞ് മുങ്ങിയ പൊലീസുകാരനെതിരെ അന്വേഷണം. പോത്തൻകോട് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കല്ലറ സ്വദേശിക്കെതിരെയാണ് കടയുടമയുടെ പരാതി.

സംഭവം ഇങ്ങനെ: ഒരു മാസം മുമ്പ് പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം.എസ് സ്റ്റാേഴ്സ് ഉടമ ജി.മുരളീധരൻ നായരുടെ കടയിൽ നിന്നു സി.പി.ഒ അഞ്ചുകിലോ മാമ്പഴം വാങ്ങിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കും പോത്തൻകോട് സി.ഐയ്ക്കും‌ വേണ്ടിയാണെന്നും പണം പിന്നീട് ഗൂഗിൾ പേ ചെയ്തു തരുമെന്നും കടയുടമയെ ധരിപ്പിച്ച ശേഷമാണ് മാമ്പഴവുമായി ഇയാൾ മുങ്ങിയത്. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് വിവരമില്ലാതായി. 800 രൂപയായിരുന്നു കോട്ടുക്കോണം മാമ്പഴത്തിന്റെ വില. ആഴ്ചകൾക്ക് ശേഷം ഇന്നലെ കടയുടെ എതിർവശത്തുള്ള ചായക്കടയിൽ സി.ഐയും സംഘവും ചായ കുടിക്കാനെത്തിയപ്പോൾ മുരളീധരൻ നായർ പൊലിസുകാരൻ എത്തി മാങ്ങ വാങ്ങിക്കൊണ്ട് പോയ കാര്യവും കാശ് ഇതുവരെയും തന്നില്ലെന്നും സി.ഐ.യോട് പറഞ്ഞു.


എന്നാൽ,​ മാമ്പഴം വാങ്ങാൻ തങ്ങൾ ആരെയും ചുമതലപ്പെടുത്തിയില്ലെന്നായിരുന്നു സി.ഐയുടെ മറുപടി. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട കാര്യം മുരളീധരന് മനസിലായത്.തുടർന്ന് മുരളീധരനിൽ നിന്ന് സി.ഐ പരാതി എഴുതി വാങ്ങി.കടക്കാരൻ നൽകിയ വിവരങ്ങളനുസരിച്ച് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് പൊലീസുകാരനെ കണ്ടെത്തി.ഇയാളെ കടയുടമ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി.ഒയെ വിശദമായി ചോദ്യം ചെയ്യുമെന്ന് സി.ഐ പറഞ്ഞു.നല്ലനടപ്പിന്റെ ഭാഗമായി ഇയാളെ പോത്തൻകോട്ടേക്ക് സ്ഥലംമാറ്റിയിരിക്കുകയായിരുന്നു.