✍️ സുരേഷ്. സി ആർ
കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകരിൽ പ്രധാനിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു എം.വി. ദേവൻ (1928 – 2014). വാസ്തുശില്പമേഖലയിൽ ലാറി ബേക്കറുടെ അനുയായിയായിരുന്നു. കാലഹരണപ്പെട്ട ഒരുതരം അക്കാദമിക് റിയലിസത്തിന്റെ വിവർണമായ അനുകരണങ്ങൾ മാത്രം കേരളത്തിൽ ചിത്രകലയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ ആധുനികതയുടെ അന്തസ്സത്ത ഉൾക്കൊള്ളുന്ന ദൃശ്യഭാവുകത്വവും സംവേദനശീലങ്ങളും മൂല്യസങ്കല്പങ്ങളും കേരളീയ കലാരംഗത്ത് അവതരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെയാണ്.
തലശ്ശേരിക്കടുത്ത് പന്ന്യന്നൂരിൽ ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1946-ൽ മദ്രാസിൽ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്‌കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്‌സിൽ ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ കീഴിൽ ചിത്രകല അഭ്യസിച്ചു.
1952-61 വരെ മാത്രഭൂമി ദിനപത്രത്തിൽ മുഴുവൻ സമയ ചിത്രകാരനായി ജോലിയിൽ പ്രവേശിച്ചു. മദ്രാസ് ലളിതകലാ അക്കാഡമി, ന്യൂ ഡൽഹി ലളിതകലാ അക്കാഡമി, എഫ്.എ.സി.ടി. എന്നിവിടങ്ങളിൽ തന്റെ കലാചാതുരി പ്രകടിപ്പിച്ചു.
1974 മുതൽ 77 വരെ കേരള ലളിതകലാ അക്കാഡമി അധ്യക്ഷനായി. ഇക്കാലത്ത് പെരുന്തച്ചൻ എന്ന പേരിൽ ഗൃഹനിർമ്മാണ കൺസൽറ്റൻസി എന്ന സ്ഥാപനം തുടങ്ങി.
കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവ തുടങ്ങിയതും കൊല്ലം നെഹ്റു പാർക്കിലെ ‘അമ്മയും കുഞ്ഞും’ എന്ന പൂർണ്ണകായ പ്രതിമ നിർമ്മിച്ചതും എം.വി.ദേവനാണ്.
1999-ൽ പ്രസിദ്ധീകരിച്ച ‘ദേവസ്പന്ദനം’ മനുഷ്യമനസ്സിൽ ഉജ്ജ്വലമായ ചിന്തകൾക്കു ബീജാവാപം നടത്തുന്ന അത്യന്തം പ്രൗഢവും ആധികാരികവുമായ ലേഖനസമാഹാരമാണ്. നൂറ്റാണ്ടുകളുടെ പുസ്തകമായി ഇത് വിശേഷിപ്പക്കപ്പെടുന്നു.
ദേവയാനം, സ്വാതന്ത്ര്യംകൊണ്ട് നാം എന്ത് ചെയ്തു എന്നിവ മറ്റു കൃതികളാണ്. കേരള സാഹിത്യ അക്കാഡമി പുരസ്കാരം, ലളിതകലാ അക്കാഡമി ഫെലോഷിപ്പ്, വയലാർ അവാർഡ്, രാജാ രവിവർമ പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.