✍️ സുരേഷ്. സി ആർ
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം, 1857-ലെ കലാപം, ശിപായിലഹള എന്നീ പേരുകളിൽ അറിയപ്പെടുന്ന കലാപത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു മംഗൽ പാണ്ഡെ (1827 – 1857). ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി കരുതപ്പെടുന്നു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ നഗ്വ ഗ്രാമത്തിൽ ജനനം.
1849-ൽ 22-ാം വയസ്സിൽ ബംഗാൾ കേന്ദ്രീകരിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ഒരു സാധാരണ ശിപായിയായി ജോലിയിൽ പ്രവേശിച്ചു. കമ്പനിയുടെ തീരുമാനങ്ങളോട് ആദ്യകാലം മുതലേ എതിർപ്പു പ്രകടിപ്പിച്ചു.
കമ്പനിയുടെ പുതിയ തോക്കുകളിൽ വെടിയുണ്ട നിറയ്ക്കുന്ന ഭാഗം മയപ്പെടുത്തുന്നതിനായി മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കണമെന്ന തീരുമാനത്തെ മംഗൽ പാണ്ഡെ എതിർത്തതാണ് ഉയർന്ന കമ്പനി ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായി മാറാൻ കാരണമായത്. തുടർന്ന് ശിപായിമാർക്കൊപ്പം ചേർന്ന് കമ്പനിക്കെതിരെയുള്ള കലാപത്തിലും അദ്ദേഹം പങ്കുചേർന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ കമ്പനിയിലെ ശിപായിമാർ സമരം തുടങ്ങുകയും മുഗൾ രാജാവായ ബഹദൂർഷാ അതിന് നേതൃത്വം നൽകുകയുമായിരുന്നു. തുടർന്ന് പാണ്ഡെ തന്റെ കമ്പനി മേധാവി ഹഡ്സനെതിരെ വെടിയുതിർക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ ലക്ഷ്യം കണ്ടില്ല. കമ്പനി പാണ്ഡെയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയും അദ്ദേഹം തന്റെ തോക്ക് ഉപയോഗിച്ച് വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. തുടർന്ന്, അറസ്റ്റിലായി.
1857 ഏപ്രിൽ 6-ന് കോടതി വധശിക്ഷ വിധിച്ചു. ബാരക്പൂരിൽ ബ്രിട്ടീഷ് പട്ടാളക്കാർ നോക്കിനിൽക്കെ പരസ്യമായാണ് തൂക്കിലേറ്റിയത്.
1929-ൽ മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ ദിവസത്തിന്റെ ഓർമദിവസമാണ് ഭഗത് സിങും ബി.കെ.ദത്തും ലാഹോർ സെൻട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞത്.
1984-ൽ മംഗൽ പാണ്ഡെയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.