തൃശ്ശൂർ: വീട്ടിൽനിന്നും ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അവണൂരിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. രക്തം ഛർദ്ദിച്ച് അമ്പത്തേഴുകാരനായ ശശീന്ദ്രൻ മരിച്ച സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറായ മയൂര നാഥനാണ്(25) പിടിയിലായത്. ഇയാൾ കടലക്കറിയിൽ വിഷം കലർത്തി നൽകിയതായാണ് പൊലീസ് അറിയിക്കുന്നത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇഡ്ഡലിയും കറിയും കഴിച്ചവർ അവശനിലയിലാവുകയും എ ടി എമ്മിൽ നിന്ന് പണമെടുക്കാൻ പുറത്തു പോയ ശശീന്ദ്രൻ ചോര ഛർദ്ദിച്ച് അവശനായി മരിക്കുകയുമായിരുന്നു. ശശീന്ദ്രന്റെ ഭാര്യയും അമ്മയും വീട്ടിലെത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ശശീന്ദ്രന് പോസ്റ്റ്മോർട്ടം വേണ്ടെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടയിൽ മറ്റ് നാല് പേരും ശശീന്ദ്രൻ കാണിച്ച ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ സംശയം ഉടലെടുത്തു. വീട്ടിൽ നിന്ന് ഇഡ്ഡലിയും കറിയും കഴിച്ചതായി ഇവർ മൊഴി നൽകിയിരുന്നു. എന്നാൽ ശശീന്ദ്രന്റെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല എന്നതും ദുരൂഹത പടർത്തി. പിന്നാലെയാണ് മെഡിക്കൽ കോളേജ് പൊലീസ് മകനെ അറസ്റ്റ് ചെയ്തത്. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി സ്വന്തമായി നിർമിച്ച വിഷമാണ് മകൻ കറിയിൽ കലർത്തിയത് എന്നാണ് വിവരം.