Fri. Mar 29th, 2024

തിരുവനന്തപുരം: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ക്രൈസ്തവ മേഖലയുടെ മൊത്തം പ്രതികരണമായി അതിനെ കാണരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. റബ്ബറിന്റെ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റബ്ബറിന്റെ വില വിഷയത്തില്‍ തനിക്ക് ഉത്കണ്ഠയില്ല. ഒരാളുടെ പ്രസ്താവനയുടെ പുറത്ത് ഇടിഞ്ഞ് വീണ് പോകുന്നതല്ല കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവര്‍ക്ക് എതിരെ വലിയ കടന്നാക്രമണം നടക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തന്നെ എഴുതി നല്‍കിയ പരാതിയില്‍ ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ റബറിന്റെ വില കൂട്ടിയാല്‍ ഇല്ലാതാകുന്നതല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മനുസ്മൃതി ഭരണഘടയാക്കി മാറ്റണമെന്നതാണ് ആര്‍എസ്എസിന്റെ അജണ്ട.ഫാസിസത്തിലൂടെ അത് നടപ്പിലാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. റബര്‍ വില രാഷ്ട്രീയമാക്കി ബിജെപിക്ക് കടന്ന് വരാനുള്ള ശ്രമമാണോ ഈ നീക്കത്തിന് പിന്നിലുള്ളതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റബര്‍ വിലയിടവിന്റെ പ്രധാന കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.