പോത്തൻകോട്: സഹകരണ സംഘത്തിലെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ലക്ഷങ്ങളുടെ തട്ടിപ്പിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തൻകോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത് ഭവനിൽ രജിത് (38) ആണ് തൂങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുറിയ്ക്കുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ കേരള ട്രഡിഷണൽ ഫുഡ് പ്രോസസ്സിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലിക്കായാണ് തട്ടിപ്പുകാരുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് ഇയാൾ പണം നൽകിയത്.
ചിറയിൻകീഴ് സ്വദേശി സജിത്ത്കുമാർ ഉൾപ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്തു സമീപിച്ച സജിത് കുമാറിന്റ വലയിൽ കുടുങ്ങിയ രജിത്, പലിശക്കെടുത്തും സ്വർണ്ണമടക്കം വിറ്റും 7.8 ലക്ഷം രൂപ ഇയാൾക്ക് നൽകിയിരുന്നു. രജിത്തിനും ഭാര്യയ്ക്കും സംഘത്തിൽ ജോലി ഉറപ്പ് പറഞ്ഞാണ് തുക കൈക്കലാക്കിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പലവട്ടം പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ സജിത് കുമാർ പണം മടക്കി നൽകിയിയില്ല. പണം തിരികെ വാങ്ങാൻ പല രീതിയിലും ശ്രമിച്ചിട്ടും നടന്നില്ല. തട്ടിപ്പ് സംഘത്തിന് പിന്നിൽ ഉന്നതൻമാരുടെ ഇടപെടൽ ഉണ്ടായിരുന്നതാണ് കാരണം. പൊലീസ് സ്റ്റേഷനിലും സഹകരണ സംഘം രജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്കും നിരവധി പരാതികൾ നൽകി. രജിത്തിന്റെ പരാതിയിൽ തുടക്കത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിപ്പുകാരുടെ ഉന്നതബന്ധം കാരണം അന്വേഷണം മന്ദഗതിയിലായി.
മനോവിഷമത്തിലായ രജിത് വീട്ടിൽ ആരുമില്ലാതിരുന്ന നേരത്താണ് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പിന് പോയിരുന്ന അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. പോത്തൻകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രേവതി. മകൻ: ഋഷികേശ്.