Fri. Mar 29th, 2024

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സർക്കാറുമായി ഒത്തുതീർപ്പ് സാധ്യമാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ പ്രതിഷേധം കാരണം തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. സ്പീക്കറുടെ പക്ഷപാത നടപടികൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തുന്നത്.


നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് ഇ പി ജയരാജനെ പോലെ ഒരാൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് സതീശൻ പറഞ്ഞു. എം എൽ എ ആയിരിക്കുമ്പോൾ ഇ പി ജയരാജൻ തല്ലി തകർത്ത സ്പീക്കറുടെ കസേര ഇപ്പോൾ പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ടെന്നും സതീശൻ പരിഹസിച്ചു.

അടിയന്തര പ്രമേയ അവതരണാനുമതി നിരന്തരം സ്പീക്കർ നിഷേധിക്കുന്നതാണ് പ്രതിപക്ഷത്തിനെ ചൊടിപ്പിച്ചത്. സ്പീക്കർ സർക്കാറിൻ്റെ വക്താവായെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം സഭയിൽ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.