✍️ സുരേഷ്. സി.ആർ
അടിപിടിയും ബഹളങ്ങളൊന്നുമില്ലാതെ തന്റേതായ മാനറിസങ്ങളിലൂടെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് രഘുവരൻ(1958 – 2008).
ദക്ഷിണേന്ത്യയിലെ ഒട്ടെല്ലാ സൂപ്പർതാരങ്ങളെയും വെള്ളിത്തിരയിൽ സൗമ്യമായ ക്രൂരത കൊണ്ടു വെല്ലുവിളിച്ചു. രജനീകാന്തിന്റെ പോലും പ്രിയവില്ലനായി. ലഹരിയുറഞ്ഞ കണ്ണുകളോടെയാണ് രഘുവരന്റെ വില്ലൻ കഥാപാത്രങ്ങൾ പ്രേക്ഷകരെ ഭയപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനനം. ചരിത്രത്തിൽ ബിരുദവും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ളോമയും നേടി. അഭിനയത്തിനൊപ്പം സംഗീതത്തെയും പ്രണയിച്ച അദ്ദേഹം ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽനിന്നു പിയാനോ പരിശീലനം നേടി. ശേഷം മുപ്പതോളം ഗാനങ്ങൾ ചിട്ടപ്പെടുത്തി. പത്തു ഹിന്ദി ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
‘കക്ക’യാണ് ആദ്യ മലയാള ചിത്രം. ഏഴാവതു മനിതൻ ആണ് ആദ്യ തമിഴ് ചിത്രം. ഒരു മനിതനിൽ കഥൈ എന്ന തമിഴ് സീരിയലിലൂടെ നടൻ എന്ന നിലയിൽ ശ്രദ്ധേയനായി. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.
മലയാളത്തിൽ എം മുകുന്ദന്റെ നോവലിനെ അധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്‌ത ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിലെ അൽഫോൻസച്ചന്റെ വേഷത്തിന് കേരള സർക്കാറിന്റെ ചലച്ചിത്ര ആവാർഡ് ലഭിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ഒരു വോട്ടിന്റെ വ്യത്യാസത്തിനാണ് നഷ്ടമായത്.
ജയരാജ് സംവിധാനം ചെയ്‌ത ചിലനേരങ്ങളിൽ ആണ് അവസാനമായി അഭിനയിച്ച ചിത്രം. അശോക, ഭീമ, ശിവാജി, അമർക്കളം, വ്യൂഹം, അരുണാചലം, മുത്തു, ഉല്ലാസം, അഞ്‌ജലി, സൂര്യമാനസം, കവചം, റൺ, ജോണി, സചിൻ തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം എന്നീ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
ചലച്ചിത്രതാരമായ രോഹിണിയെ വിവാഹം ചെയ്‌തതെങ്കിലും 2004-ൽ വിവാഹമോചനം നേടി.