Fri. Mar 29th, 2024

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തത്തിനു ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേഷനു 100 കോടി രൂപ പിഴയിട്ടു. പിഴ സംഖ്യ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ അടയ്ക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു കൊച്ചി മേയര്‍ അറിയിച്ചു. ധാരമിക ഉത്തരവാദിത്തം എന്തുകൊണ്ടു സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നും ഹരിത ട്രിബൂണല്‍ ചോദിച്ചു. അന്തരീക്ഷത്തിലും ചതുപ്പിലും വിഷ പദാര്‍ഥങ്ങള്‍ കണ്ടെത്തി.

തീപിടുത്തവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍ രംഗത്തുവന്നിരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. തീപിടിത്തത്തിന്റെ പൂര്‍ണം ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും പറഞ്ഞിരുന്നു.

500 കോടി രൂപവരെ പിഴ ഈടാക്കുമെന്നു സര്‍ക്കാരിന് ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ബ്രഹ്മപുരം വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലായിരുന്നു ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു ടിബ്യൂണല്‍ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് അഡീഷണല്‍ സെക്രട്ടറി വി വേണു 12 പേജുള്ള സത്യവാങ്മൂലം ട്രിബ്യൂണലില്‍ ഹാജരാക്കിയിരുന്നു. അതിനുശേഷമാണു 100 കോടി രൂപ പിഴ വിധിച്ചത്.