ബംഗളൂരു: ബംഗളുരുവിൽ ബാൽക്കണിയിൽ നിന്ന് വീണ് എയർ ഹോസ്റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. യുവതിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് മലയാളിയും കാസർകോട് സ്വദേശിയുമായ കാമുകൻ സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. യുവതിയുടെ കാമുകൻ ആദേശാണ് കുറ്റസമ്മതം നടത്തിയത്.
ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ദിമാൻ ആണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. ആദേശ് ബംഗളുരുവിൽ സ്വകാര്യ ഐ.ടി കമ്പനിയിൽ ജീവനക്കാരനും അർച്ചന ദുബായിലെ അന്താരാഷ്ട്ര വിമാനകമ്പനിയിൽ ജീവനക്കാരിയും മോഡലും ആണ്. ഡേറ്റിംഗ് സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ആറുമാസത്തോളമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിച്ചില്ലെങ്കിൽ പീഡനം ആരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അർച്ചന ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആദേശ് പൊലീസിന് മൊഴി നൽകി. സംഭവദിവസവും അർച്ചന ഇത് ആവർത്തിച്ചതോടെ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ബംഗളുരു സൗത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ സി.കെ. ബാബ പറഞ്ഞു.
അർച്ചനയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ആദേശ് തള്ളിയിട്ട് കൊന്നതാണെന്നും അമ്മ പരാതിയിൽ പറഞ്ഞിരുന്നു, വെള്ളിയാഴ്ച രാത്രി 12നാണ് അർച്ചനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യാ കേസാണ് രജിസ്റ്റർ ചെയ്തത്. അർച്ചന കാലുതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ഉടൻ തന്നെ താൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആദേശ് ആദ്യം നൽകിയ മൊഴി. എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.