Fri. Apr 19th, 2024

✍️  സുരേഷ്. സി.ആർ

സ്ത്രീകൾ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിന്റെ ഓർമ്മകളുമായി ഒരു ദിവസം. 1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. 1857 മാർച്ച് 8-ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്.

തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.


അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28-നാണ് ആദ്യവനിതാദിനാചരണം നടന്നത്. 1910 ൽ, കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു.

ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി സൈദ്ധാന്തികയുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌. ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് രാഷ്ട്രീയഭേദമന്യേ ഒട്ടുമിക്കരാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളർന്നു. 1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം, റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു.