Fri. Mar 29th, 2024

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ചരക്കുലോറിയിലെ സ്റ്റിയറിംഗിൽ തോർത്ത് കെട്ടിവച്ച ശേഷം പിന്നിലുള്ള സീറ്റിൽ കിടന്നു ചിരിക്കുന്ന ഡ്രൈവർ. ‘ചേട്ടാ, എന്റെ ജീവൻവച്ചാണ് നിങ്ങൾ കളിക്കുന്നതെ’ന്ന് വിഡിയോ എടുക്കുന്നയാൾ പറയുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ ഇപ്പോഴിതാ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് കേരള പൊലീസ്.


ചരക്കുലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോ–റോ സർവീസിൽ ഉൾപ്പെട്ട ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ യാഥാർഥ്യം വ്യക്തമാക്കുന്ന വിഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ കാണുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.