തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് നടൻ ഫഹദ് ഫാസിൽ. താൻ വിദ്യാർത്ഥികളുടെ കൂടെയാണെന്നും ചർച്ച തുടങ്ങിയപ്പോൾ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ തുടങ്ങിയെന്നും ഫഹദ് പറഞ്ഞു. പ്രശ്നങ്ങൾ എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് വ്യക്തമാക്കി. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിൽ ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരോടൊപ്പം മറാത്തി, തമിഴ് താരങ്ങളും വേഷമിടുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്കരന്റേതാണ്.
അതേസമയം സമരം തുടരാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥികൾ. 15 ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. അതിൽ ആദ്യത്തേത് ശങ്കർ മോഹനെ പുറത്താക്കുക എന്നതായിരുന്നു. ശങ്കർ മോഹൻ സ്വയം രാജിവച്ചുപോയി. ബാക്കിയുള്ള . ആവശ്യങ്ങളിൽ നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.