Fri. Mar 29th, 2024

✍️ സുരേഷ്. സി ആർ

വിവരണാതീതവും ഗൃഹാതുരവുമായ ആലാപനശൈലിയിലൂടെ മലയാളമനസ്സ് കീഴടക്കിയ ഗായകനാണ് കെ പി ഉദയഭാനു(1936 – 2014).
പാലക്കാടു ജില്ലയിലെ തരൂരിൽ ജനനം. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയത് അമ്മാവനായ അപ്പുക്കുട്ട മേനോനാണ്. തുടർന്ന് കൽപ്പാത്തി ത്യാഗരാജ സംഗീതസഭയിൽ നിന്ന് ശാസ്ത്രീയമായി സംഗീതം അഭ്യസം തുടങ്ങി. ഓടക്കുഴലിൽ കൃഷ്ണയ്യരുടെയും മൃദംഗത്തിൽ പാലക്കാട് മണി അയ്യരുടെയും വായ്പ്പാട്ടിൽ എം ഡി രാമനാഥന്റെയും ശിഷ്യനായി.

1955ൽ കോഴിക്കോട് ആകാശവാണിയിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ചു. ആകാശവാണിയിൽ കെ.രാഘവനുമായുള്ള ചങ്ങാത്തമാണ് സിനിമാ പിന്നണി ഗാനരംഗത്തെത്തിക്കുന്നത്.

1958 ൽ പി.ഭാസ്കരൻ സംവിധാനം ചെയ്ത് കെ.രാഘവൻ സംഗീത സംവിധാനം നിർവഹിച്ച ‘നായരു പിടിച്ച പുലിവാൽ‘ എന്ന ചിത്രത്തിലെ ‘വെളുത്ത പെണ്ണേ‘, ‘എന്തിനിത്ര പഞ്ചസാര‘ എന്നീ ഗാനങ്ങൾ ആലപിച്ചുകൊണ്ടായിരുന്നു സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.

അനുരാഗനാടകത്തിൽ (നിണമണിഞ്ഞ കാൽപ്പാടുകൾ), ചുടുകണ്ണീരാലെൻ.(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ, പൊൻവളയില്ലെങ്കിലും…(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ, വെള്ളി നക്ഷത്രമേ (രമണൻ), കാനനഛായയിൽ (രമണൻ) മന്ദാര പുഞ്ചിരി, വാടരുതീമലരിനി (സത്യഭാമ), യാത്രക്കാരി യാത്രക്കാരി…, കരുണാസാഗരമെ, പെണ്ണാളേ പെണ്ണാളേ (ചെമ്മീൻ), തുടങ്ങിയ ഗാനങ്ങൾ അനശ്വരങ്ങളാണ്.

മലയാളികൾ ഒരിക്കലും മറക്കാത്ത വിഷാദ നായകൻ രമണന്റെ വിഷാദം മുഴുവൻ ആവാഹിച്ച ചങ്ങമ്പുഴയുടെ വരികൾ കെ.പി.ഉയദഭാനു പാടിയപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി അതു മാറി.

താന്തോന്നി എന്ന സിനിമയിലെ കാറ്റുപറഞ്ഞതും കടലുപറഞ്ഞതും… എന്ന ഗാനമാണ് അവസാനമായി ആലപിച്ചത്.

2009 ലെ പത്മശ്രീ, 2004 ലെ സംഗീതനാടക അക്കാദമി ഫെലൊഷിപ്പ്, 2003 ലെ അംബേദ്കർ അക്കാഡമി അവാർഡ്, 1995 ലെ നാഷണൽ അവാർഡ്, 1982 ലെ സംഗീതസംവിധായകനുള്ള അവാർഡ്, 1987ലെ സംഗീത നാടക അക്കാദമി അവാർഡ് എന്നിവ കരസ്ഥമാക്കിയ അദ്ദേഹം, മലയാളത്തിലെ മറന്നു തുടങ്ങിയ പഴയഗാനങ്ങളെ ഓർമ്മിപ്പിച്ചെടുക്കാനായി ‘ഓൾഡ് ഈസ് ഗോൾഡ്‘ എന്ന മ്യൂസിക്ക് ഗ്രൂപ്പ് സ്ഥാപിച്ചു.