Fri. Mar 29th, 2024

✍️ സുരേഷ്. സി ആർ

ഇന്ത്യയുടെ കൊടിക്കൂറ ആകാശത്തിന്റെ അനന്തതകൾക്ക് അപ്പുറത്തും ഉയരണമെന്നാഗ്രഹിച്ച ശാസ്ത്രജ്ഞനും അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ച ദേശസ്നേഹിയുമായിരുന്നു വിക്രം അംബാലാൽ സാരാഭായ് (1919 – 1971). തെളിഞ്ഞ ചിന്തയും, ഭാവനയും, സ്വപ്നങ്ങളും അദ്ദേഹത്തെ മുന്നോട്ടു നയിച്ചു. കോസ്മിക് രശ്മികളുടെ വ്യതിയാനങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയൊരു വാതിൽ തുറന്നത് സാരാഭായിയാണ്. ബഹിരാകാശ ഗവേഷണം, കാലാവസ്ഥ, വാർത്താവിനിമയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അനന്ത സാധ്യത തുറക്കുന്നതായി സാരാഭായി മനസിലാക്കിയിരുന്നു.

ഗുജറാത്തിലെ അഹമ്മദാബാദിൽ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോളജ് വിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജിലേക്കുപോയി.1940-ൽ സെന്‍റ് ജോൺസ് കോളജിൽ നിന്നും ബിരുദം നേടി. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ആരംഭത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയ സി.വി രാമനു കീഴിൽ ഗവേഷണ വിദ്യാർഥിയായി.

1942-ൽ പ്രഥമ ശാസ്ത്രപ്രബന്ധം ‘കോസ്മിക് രശ്മികളുടെ സമയക്രമീകരണം’ പ്രസിദ്ധീകരിക്കപ്പെട്ടു. 1945-ൽ കെംബ്രിഡ്ജിലേക്ക് മടങ്ങിയ സാരാഭായി 1947-ൽ പി.എച്ച്.ഡി നേടി. അഹമ്മദാബാദില്‍ തിരിച്ചെത്തിയ സാരഭായി 1947 നവംബറിൽ എം.ജി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ കുറച്ച് മുറികൾ ഉപയോഗപ്പെടുത്തി ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥപിച്ചു.

1957-ൽ ദേശീയ ബഹിരാകാശ ഗവേഷണ സമിതിക്കു രൂപം നല്കിയപ്പോൾ സാരാഭായി അതിന്‍റെ ചെയർമാനായി. ഹോമി ഭാഭയുടെ ഉറച്ച പിന്തുണയോടെ ഗവേഷണ പരിപാടികളുമായി മുന്നോട്ടു പോയ അദ്ദേഹം തിരുവനന്തപുരത്തിനടുത്തുള്ള തുമ്പയിൽ രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നണിയിൽ നിന്നു പ്രയത്നിച്ചു.
1963 നവംബർ 21 ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചു. ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ അനർഘ നിമിഷമായിരുന്നു അത്.

തുമ്പയെ മികച്ച ബഹിരാകാശ കേന്ദ്രമായി വികസിപ്പിച്ച അദ്ദേഹം അഹമ്മദാബാദിൽ എക്സ്പെരിമെന്‍റൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ എർത്ത് സ്റ്റേഷൻ സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തു. 1965 തുമ്പ കേന്ദ്രത്തിനു അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.

1966 ൽ അമേരിക്കൻ ശാസ്ത്ര ഏജൻസിയായ ‘നാസ’യുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ പരിണിതഫലമായി 1975-76 കാലഘട്ടത്തിൽ സാറ്റലൈറ്റ് ഇൻസ്ട്രാക്ഷണൽ ടെലിവിഷൻ എക്‌സ്പിരിമെന്റ് വിക്ഷേപിക്കപ്പെട്ടു. ടെലിവിഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചത് ഇതിന് ശേഷമാണ്.

1966-ൽ, വിമാനപകടത്തിൽ ഹോമി ഭാഭ മരിച്ചതിനെ തുടർന്ന് ആറ്റോമിക് എനർജി കമ്മീഷൻ ചെയർമാനായി. 1967-ൽ ഇന്ത്യ നിർമ്മിച്ച ആദ്യ റോക്കറ്റ് ‘രോഹിണി’ വിക്ഷേപിച്ചു. ഒരു ഇന്ത്യൻ ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുക എന്ന നേട്ടത്തിനായി സാരാഭായി മനസർപ്പിച്ചതിന്റെ ഫലമാണ് 1975-ൽ, ആര്യഭട്ട-1 ഭ്രമണപഥത്തിലെത്തിയത്.

1947-ൽ വസ്ത്രവ്യവസായ മേഖലയുടെ ആധുനീകരണത്തിനു വഴിയൊരുക്കിയ അഹമ്മദാബാദ് ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് അസോസിയേഷൻ, 1962-ൽ മാനേജ്മെന്റ് പഠനത്തിനായി ഐ ഐ എം, 1965-ൽ ശാസ്ത്രത്തിന്റെ ജനകീയവത്കരണത്തിനായി കമ്യൂണിറ്റി സയൻസ് സെന്റർ, കൽപ്പാക്കം അണു റിയാക്ടർ, കൊൽക്കത്തയിലെ സൈക്ലോട്രോൺ പ്രോജക്ട്, ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപ്പറേഷൻ, ബീഹാറിലെ യുറേനിയം കോർപ്പറേഷൻ, എന്നിവ സാരാഭായിയുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളാണ്. ഇന്ത്യയിൽ ഔഷധ നിർമ്മാണരംഗത്ത് ആധുനിക ഗവേഷണരീതികളും കർശന ഗുണനിലവാര പരിശോധനാ സംവിധാനവും കൊണ്ടുവന്നതും സാരാഭായിയാണ്.

പ്രശസ്ത നർത്തികിയും മലയാളിയുമായ മൃണാളിനി സാരഭായി ഭാര്യയും, അറിയപ്പെടുന്ന നർത്തകി മല്ലിക സാരഭായി മകളുമാണ്. ഭട്നാഗർ മെഡൽ(1962), പത്മഭൂഷൺ (1966) പുരസ്കാരങ്ങൾ നേടിയ സാരാഭായി നിരവധി അന്താരാഷ്ട്ര പദവികളും വഹിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണം മുന്നോട്ടുനീങ്ങുന്നത് സാരാഭായി തെളിച്ചിട്ട വഴിയിലൂടെയാണ്.