Fri. Apr 19th, 2024

✍️ സുരേഷ്. സി ആർ

നാടകക്കമ്പനിക്കാരുടെ പെട്ടി ചുമക്കലിൽനിന്നു ചലച്ചിത്ര വേദിയിലെ നായക പദവിയിലേക്ക്, ദാരിദ്യത്തിന്റെ പടുക്കുഴിയിൽ നിന്നു സമ്പന്നതയുടെ കൊട്ടാരങ്ങളിലേക്ക്, തമിഴ്നാട് മുഖ്യമന്ത്രിപദം ഒരു ചലിച്ചിത്രകഥയിലെ ഭാവനയെ മറിക്കടന്ന ജീവിതമാണ് എം ജി രാമചന്ദ്രൻ(1917 – 1987). മക്കൾ തിലകം, പുരട്ചി നടികർ, പൊന്മന ശെൽവൻ, പുരട്ചി തലൈവൻ, അൻപുള്ള അണ്ണാ, നാടോടിമന്നൻ എന്നീ ഓമനപ്പേരുകളിലും എം ജി ആർ എന്ന മൂന്നക്ഷരനാമത്തിലും പ്രസിദ്ധൻ.

മരുതൂർ ഗോപാല രാമചന്ദ്രമേനോൻ എന്നാണ് മുഴുവൽ പേര്. സി എൻ അണ്ണാദുരൈ സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകത്തിൽ 1953-ൽ എം ജി ആർ അംഗമായി. 1963-ൽ നിയമസഭാംഗമായി. 1969-ൽ അണ്ണാദുരൈയുടെ മരണശേഷം പാർടിൽ ചേരിപ്പോരുണ്ടായപ്പോൾ കരുണാനിധിക്കൊപ്പം ചേർന്നു. ക്രമേണ ഇരുവരും അകന്നതോടെ 1972-ൽ പാർട്ടിൽ നിന്നും പുറത്താക്കപ്പെട്ട എം ജി ആർ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു.
1977-ൽ മുഖ്യമന്ത്രിയായി.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ പിന്തുണച്ച എം ജി ആർ ഇന്ദിരാഗാന്ധിയുടെ പരാജയത്തെ തുടർന്ന് മൊറാർജി, ചരൺ സിംഗ് കേന്ദ്രമന്ത്രിസഭകൾക്ക് പിന്തുണ നൽകി. 1980-ൽ ഇന്ദിരാഗാന്ധി എം ജി ആർ മന്ത്രിസഭയെ പിരിച്ചുവിട്ടു. 1984-ൽ വീണ്ടും മുഖ്യമന്ത്രിയായി.

കോൺഗ്രസ്സിൽനിന്ന് അധികാരം പിടിച്ചെടുക്കുന്നതിന് ദ്രാവിഡ മുന്നേറ്റ കഴകത്തെ ഏറെ സഹായിച്ചത് എം ജി ആറിന്റെ ജനസ്വാധീനവും പ്രസംഗങ്ങളുമായിരുന്നു. ‘എൻ രത്തത്തിൽ രത്തമാന ഉടപ്പിറപ്പുകളേ’ എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു.

ശ്രീലങ്കയിലെ കാൻഡിയ്ക്ക് അടുത്തുള്ള നാവലപിതിയ എന്ന സ്ഥലത്ത് ജനനം. 1924-ൽ, 7-ാം വയസ്സിൽ പട്ടിണിമൂലം ജ്യേഷ്ഠൻ ചക്രപാണിയുമൊത്ത് മധുര ഒറിജിനൽ ബോയ്സ് ഡ്രാമാറ്റിക് കമ്പനിയിൽ ചേർന്നു. ‘അഭിമന്യു’ എന്ന നാടകത്തിൽ ഉത്തര രാജകുമാരനായാണ് ആദ്യം അഭിനയിച്ചത്. പിന്നീട് നിരവധി നാടകങ്ങളിൽ അഭിനയിച്ചു.

1935-ൽ എസ് എസ് വാസന്റെ ‘സതി ലീലാവതി’ യാണ് ആദ്യ ചലച്ചിത്രം. പിന്നീട് പത്ത് വർഷത്തിലേറെ സഹനടനായിരുന്നു.
1947-ൽ ‘രാജകുമാരി’ യിലൂടെ നായകനായി.
1949-ൽ എം കരുണാനിധിയുടെ ‘മന്ത്രികുമാരി’ യാണ് പ്രശസ്തനാക്കിയത്.
1953-ൽ ‘ജനോവ’ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു.
1954-ൽ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, സിംഹള ഭാഷകളിൽ റിമേക്ക് ചെയ്ത ‘മലൈക്കള്ളൻ’ താരനിരയിലേക്കുയർത്തി.

എം കരുണാനിധിയുമൊത്ത് നാടോടിമന്നൻ, ആയിരത്തിലൊരുവൻ, നാൻ ആണയിട്ടാൽ, ഒളിവിളക്ക്, അടിമൈപ്പെൺ, നിനൈത്തതേ മുടിപ്പോൻ, നാളൈ നമതേ, ഇദയക്കനി, നീതിക്കുതലൈ വണങ്ക് തുടങ്ങിയ ചിത്രങ്ങൾ തമിഴ്നാടിനെ ഇളക്കിമറിച്ചവയാണ്.

1971-ൽ വൻ ഹിറ്റായ ‘റിക്ഷാക്കാരനി’ലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ ലഭിച്ചു.
1973-ൽ ഉലകം ചുറ്റും വാലിബൻ 360 ദിവസം ഓടി ചരിത്രം സൃഷ്ടിച്ചു.
ജയലളിതയാണ് ഏറ്റവുമധികം (28 ചിത്രങ്ങളിൽ) നായികയായത്.
നാല് ചിത്രങ്ങൾക്ക് സംവിധാനവും മൂന്ന് ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.
1987-ൽ മരണാനന്തര ബഹുമതിയായി ‘ഭാരതരത്നം’ നൽകി.
പാലക്കാട് സ്വദേശിയായ എം ജി ആർ ജനിച്ചത് ശ്രീലങ്കയിലാണ്.