Fri. Apr 19th, 2024

കൊച്ചി: ഓരോ മനുഷ്യനും ജനിച്ചു വീഴുമ്പോൾ തന്നെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ അവര്‍ക്ക് സിദ്ധമാണ്. അത് ആരും നൽകുന്നതോ നേടിക്കൊടുക്കുന്നതോ അല്ല, മറിച്ച് മനുഷ്യനായി പിറന്നത് കൊണ്ട് തന്നെ മാനവികതയുടെ പേരിൽ അവർക്ക് കിട്ടുന്നതാണ്. അത് ആർക്കും നിരസിക്കാനോ തടസ്സപ്പെടുത്താനോ കഴിയില്ല. ഇതൊരു പുത്തൻ ആശയമല്ല, മനുഷ്യൻ പിറവിയെടുത്ത നാൾ മുതൽ അവനുള്ള അവകാശങ്ങൾ അവനിൽ നിലകൊള്ളുന്നു. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുമ്പോൾ കേരളാ സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൻറെ ആഭിമുഖ്യത്തിലും എറണാകുളത്ത് മനുഷ്യാവകാശ ദിനാചരണവും മനുഷ്യാവകാശ പ്രവർത്തക സംഗമവും നടക്കും.

മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം അദ്ധ്യാപക ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികൾ ബഹു എറണാകുളം എംപി ഹൈബി ഈഡൻ ഉദ്‌ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ മുതിർന്ന മനുഷ്യാവകാശ പ്രവർത്തകരെ അദ്ദേഹം ആദരിക്കും. ബഹു: എറണാകുളം എംഎൽഎ ശ്രീ ടിജെ വിനോദ്, തൃക്കാക്കര എംഎൽഎ ഉമാതോമസ്, കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. അനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. ചടങ്ങിൽ വെച്ച് മാധ്യമപ്രവർത്തകരെയും ആംബുലൻസ് ഡ്രൈവർമാരെയും മികച്ച കുടുംബശ്രീ പ്രവർത്തകരെയും ആദരിക്കും. സംഘടയുടെ വെബ്സൈറ്റിൻറെ ലോഞ്ചിങ് കൊച്ചി മേയർ നിർവ്വഹിക്കും.

തുടർന്ന് നടക്കുന്ന സെമിനാറിൽ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിയമജ്ഞരും സംസാരിക്കും. കൂടാതെ കേരളാ സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൻറെ സംസ്ഥാന ജില്ലാ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കടയ്ക്കാമൺ മോഹൻദാസ് അറിയിച്ചു.

BEST SELLERS