Fri. Mar 29th, 2024

ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി ഉപഭോക്താവിന് ലഭിക്കു. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി.

ഇനി മുതല്‍ പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്പത്തിക വര്‍ഷവസാനം എത്തുമ്പോള്‍ കൂടുതല്‍ ഉപയോഗമുള്ള വീടുകളില്‍ പാചകവാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാല്‍ കേരളത്തില്‍ ശരാശരി ഉപയോഗം ഒരു കുടുംബത്തില്‍ പ്രതിവര്‍ഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലര്‍മാര്‍ പറയുന്നു.

അധിക സിലിണ്ടര്‍ വേണമെങ്കില്‍ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍പ്പടെ നല്‍കി ഡീലര്‍മാര്‍ മുഖേനെ അപേക്ഷ നല്‍കാമെന്നാണ് കമ്പനികള്‍ പറയുന്നത്. അധിക സിലിണ്ടര്‍ അനുവദിക്കാനുള്ള ചുമതല കമ്പനിയുടെ വിവേചന അധികാരത്തിലുള്‍പ്പെടും.

BEST SELLERS