തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ അസ്ഥിരോഗ വിദഗ്ധനെതിരെ കേസ്. ഡോ. വിജു മോനെതിരെയാണ് പോലീസ് കേസെടുത്തത്. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടിട്ടുള്ളത്. ഡിസംബര്‍ 23ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗിലാണ് പരാതി പരിഗണിക്കുക.
ഫുട്ബോള്‍ കളിക്കിടെയാണ് പാലക്കാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തലശ്ശേരി ചേറ്റംകുന്നം സ്വദേശി സുല്‍ത്താന്‍ ബിന്‍ സിദ്ധീഖിന്റെ കൈയൊടിഞ്ഞു. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി കൈ മുറിച്ചുമാറ്റുകയായിരുന്നു. ആശുപത്രിയിലെ ചികിത്സാപിഴവും ശസ്ത്രക്രിയക്കുള്ള കാലതാമസവുമാണ് വിദ്യാര്‍ത്ഥിക്ക് കൈ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് മാതാപിതാക്കളുടെ പരാതി.