Fri. Apr 19th, 2024

✍️ ലിബി.സി എസ്

മുസ്ലിം തീവ്രവാദികളും ഹിന്ദുത്വ തീവ്രവാദികളും മാത്രമല്ല ആരും ഒട്ടും മോശക്കാരല്ല. യുക്തിവാദികളായിരുന്ന നരേന്ദ്ര ധബോൽക്കറുടെയും, പൻസാരെയുടെയും, കൽബുർഗ്ഗിയുടെയും, ഗൗരീലങ്കേഷിൻറെയും, ഫറൂഖിന്റെയും ജീവനെടുത്തത് മതതീവ്രവാദികളാണെന്ന് എല്ലാവർക്കും അറിയാം. അതിൽ ജോസഫ് സാറിൻറെ കൈവെട്ട് കേസ് ഇപ്പോൾ സംഘികളും ക്രിസംഘികളുമൊക്കെ സഥാനത്തും ആസ്ഥാനത്തുമൊക്കെ എടുത്തുപയോഗിക്കാറുണ്ട്. എന്നാൽ കേരളത്തിലാദ്യമായി ഫണ്ടമെന്റലിസ്റ്റുകൾ വെട്ടിയത് ജോസഫ് മാഷിനെയല്ല ഒരു യുക്തിവാദിയെയാണ്. മുസ്ലിം തീവ്രവാദികളോ ഹിന്ദുത്വ തീവ്രവാദികളോ അല്ല അത് ചെയ്തത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ ക്രിസ്ത്യൻ തീവ്രവാദികൾ ആയിരുന്നു.

കേരളാ യുക്തിവാദി സംഘത്തിൻറെ മുൻ ആലപ്പുഴ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമൊക്കെയായിരുന്ന ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ അദ്ധ്യാപകൻ ആയിരുന്ന പ്രൊഫ. ഫ്രാൻസിസ്‌ സേവ്യറിനെയാണ് അവർ ദേഹമാസകലം പതിനാല് വെട്ടുകൾ വെട്ടി മൃതപ്രായനാക്കി, മരിച്ചു എന്നുകരുതി ഉപേക്ഷിച്ചു പോയത്.

ഫ്രാൻസിസ് സാറും ജോസഫ് സാറും തമ്മിൽ ഒരുപാട് സമാനതകൾ ഉണ്ട്. രണ്ടുപേരും സഭയുടെ കീഴിൽത്തന്നെയുള്ള കോളേജുകളിൽ അദ്ധ്യാപകരായിരുന്നു. രണ്ടുപേരും സഭയുടെ നിരവധി പീഡനങ്ങൾക്ക് ഇരയായവരും രണ്ടുപേർക്കും ജോലി നഷ്ടപ്പെടുകയും രണ്ടുപേരുടെയും ജീവിതപങ്കാളികളുടെ മാനസീക നിലതന്നെ തകരാറിലാകുകയും ചെയ്തിരുന്നു.

എന്നാൽ ജോസഫ് സാറിന് ജീവിതത്തിൽ പിന്നീട് ഉണ്ടായ ട്രാജഡി ഫ്രാൻസിസ് സാറിന് ഉണ്ടായില്ലെന്ന് പറയാം. സാറിന് സുഹൃത്തുക്കളുടെയും പാർട്ടിയുടെയും യുക്തിവാദി സംഘത്തിന്റെയുമെല്ലാം പിന്തുണ ഉണ്ടായിരുന്നതിനാൽ അതിനെയെല്ലാം അതിജീവിക്കുകയും അവർ നശിപ്പിക്കാൻ ശ്രമിച്ച അദ്ദേഹത്തിൻറെ കുടുംബജീവിതം മതയോളികൾക്ക് പോലും അസൂയ ഉളവാക്കുന്നതായി തീരുകയുമായിരുന്നു. ദൈവമില്ലാതെ സാറിൻറെ മക്കളെല്ലാം ഡോകട്ർമാരും എഞ്ചിനീയർമാരുമായി തീരുകയും ചെയ്തു.
ഭീകരമായ മനുഷ്യാവകാശ ലംഘനവും പീഡനങ്ങളും നടക്കുന്ന ചേർത്തലയിൽ മതിലകത്ത്‌ പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയുടെ നിത്യാരാധനാ മഠം എന്ന മിണ്ടാ മഠത്തിനെതിരെയും ഇവിടെ രാത്രികാലങ്ങളിലുള്ള അച്ചന്മാരുടെ പോക്കുവരവിനെക്കുറിച്ചും, ആയിടെ അവിടെ ഒരു കന്യാസ്ത്രീ പ്രതിപുരുഷനാൽ നിശബ്ദമായി ഗർഭിണിയാക്കപ്പെട്ടതിനും, നിശബ്ദം പ്രസവിച്ചതിനുമെതിരെ ആദ്യം പ്രതികരിച്ചത് Prof.Francis Xavier sir ആയിരുന്നു. സോഷ്യൽമീഡിയ ഇല്ലാതിരുന്നകാലത്ത് പല മാധ്യമങ്ങളുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും സഭയ്‌ക്കെതിരെ വാർത്ത ചെയ്യാൻ ആരും ധൈര്യപ്പെടായ്കയാൽ ഫ്രാൻസിസ് സാർ ഇതിനെതിരെ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തു. ഇതിന്റെപേരിൽ സാറിനെ വധിക്കാനായി നെഞ്ചിലും മുതുകിലും കഴുത്തിലുമൊക്കെയായി 14 വെട്ട് വെട്ടി മരണാസന്നനാക്കിയത് ഇപ്പോഴത്തെ ആലപ്പുഴ സെൻറ് ആന്റണീസ് ഓർഫനേജിന്റെ ഡയറക്റ്ററായ ഫാദർ ബോണി സെബാസ്റ്റിൻ എന്ന വെളുത്ത നൈറ്റിയിട്ട ക്രിമിനലിൻറെ നേതൃത്വത്തിൽ ആയിരുന്നു.

എല്ലാ കേസുകളിലും സംഭവിക്കുന്നതുപോലെ വെള്ളനൈറ്റിക്കാർ കേസിൽനിന്നും പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെട്ടു.അതിന് ശേഷം രാഷ്ട്രീയ നേതൃത്വങ്ങളും നിയമപാലകരുമെല്ലാം മറ്റുള്ളവർക്കില്ലാത്ത അധിക പ്രിവിലേജുകൾ കത്തോലിക്കാ പുരോഹിതന്മാർക്ക് നൽകുന്ന സമീപനത്തിനെതിരെ ഫ്രാൻസിസ് സാർ കത്തനാർ മാരുടേതുപോലെ ഒരു വെള്ള നൈറ്റി തൈപ്പിച്ച് അതും ഇട്ടാണ് പൊതുപരിപാടിക്കൊക്കെ പൊയ്ക്കൊണ്ടിരുന്നത്. ആ നൈറ്റിക്ക് അന്ധ വിശ്വാസികൾ അമിതപ്രാധാന്യം നൽകുന്നത് തടയാൻ ഏറ്റവും നല്ല മാർഗ്ഗം എല്ലാവരും അത് തൈപ്പിച്ച് ഇട്ടുകൊണ്ടുനടക്കുക എന്നതാണെന്നും വെള്ള നൈറ്റിയിട്ടാൽ ശിക്ഷിക്കാൻ ഇന്ത്യൻ പീനൽകോഡിൽ വകുപ്പില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. അന്ന് അതിന്റെപേരിൽ ചിലർ വൃണകേസുകളുമായി നടന്നെങ്കിലും സാർ എന്ത് ഡ്രസ് ഇടണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സാറിനുണ്ടെന്നും അതിന്റെ പേരിൽ കേസെടുക്കാൻ പറ്റില്ലെന്നും പറഞ്ഞു ചേർത്തല പോലീസ് പരാതി ചവറ്റുകുട്ടയിൽ എറിയുകയും ചെയ്തു. ഫ്രാൻസിസ് സാർ ആ ഡ്രസ്‌കോഡ് തുടരുകയും ചെയ്തു. പിന്നീടെപ്പോഴോ സാറിനെ കാണാതെ ടീച്ചർ ആ ളോഹയെടുത്ത് അടുത്തുള്ള കന്യാസ്ത്രീമഠത്തിലെ കന്യാസ്ത്രീമാർക്ക് കൊടുത്തു.

ടീച്ചർ ളോഹ മോഷ്ടിച്ച് കന്യാസ്ത്രീമാർക്ക് കൊടുത്തെങ്കിലും സാർ പിന്നെയും ഒരുവെള്ള നൈറ്റി തയ്പ്പിച്ചു. അതിപ്പോഴും വീട്ടിൽ ഇരിപ്പുണ്ട്. പൂർണ്ണമായി സംഘടനാപ്രവർത്തനം നിർത്തുന്നതുവരെ സാർ അതുമിട്ടുകൊണ്ട് പ്രകടനകൾക്കും പരിപാടികൾക്കും വരികയും ഇടയ്ക്കൊക്കെ അല്ലാത്തപ്പോഴും അതിട്ടുകൊണ്ട് ചേർത്തലയിലും ആലപ്പുഴയിലുമൊക്കെ നടക്കുമായിരുന്നു.

പിന്നീട് മാർ ഡൊമിനിക് സാവിയോ പിതാവ് ഉൾപ്പെടെയുള്ളവർ WCB സ്ഥാപിച്ചപ്പോൾ അവർ അദ്ദേഹത്തെ ബിഷപ്പ് ആയി മൈത്രാഭിഷേകം നടത്തുകയും മാർ ഫ്രാൻസിസ് സേവ്യർ മെത്രാപ്പൊലീത്ത ആക്കുകയും ചെയ്തു.

24 വർഷം മുൻപ് ഞാനും യുക്തിവാദി സംഘത്തിൽ എത്തപ്പെട്ടത് ഫ്രാൻസിസ് സാർ വഴിയാണ്. കന്യാസ്ത്രീ മഠം ചാടിവന്ന എന്നെ വീട്ടുകാരും ബന്ധുക്കളും ഇടവകക്കാരുമൊക്കെ ബഹിഷ്കരിച്ചപ്പോൾ എന്നെ തുടർന്ന് പഠിപ്പിച്ചതും അദ്ദേഹമാണ്, ഇപ്പോഴും ആ ബന്ധവും സ്നേഹവും കരുതലും അദ്ദേഹം തുടരുന്നു.

BEST SELLERS