Wed. Feb 28th, 2024

✍️ റെൻസൺ വി എം

പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന മതവിശ്വാസ/അന്ധവിശ്വാസ മനുഷ്യക്കൊലകളിൽ ‘അവിശ്വസനീയ നടുക്കം’ രേഖപ്പെടുത്തി ‘പ്രബുദ്ധ കേരളം’ വീണ്ടും മുന്നോട്ടു പായുകയാണ്. സാധാരണ മതവിശ്വാസിക്ക് ഈ കൊലകൾ അന്ധവിശ്വാസാധിഷ്ഠിതമായ അനാചാരമായിരന്നു. തന്റെ മതം മൂഢവിശ്വാസവിമുക്തമാണെന്നും അവന് ‘ഉറപ്പുണ്ട്’. പക്ഷേ, മതനേതൃത്വങ്ങൾക്ക് ഇത്തരം അന്ധവിശ്വാസങ്ങളുടെ മൂലകാരണം തങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന മൂല്യബോധവും അതിലൂന്നിയ ആചാരങ്ങളുമാണെന്നു കൃത്യമായ ബോധ്യമുണ്ട്.

കേരള മനഃസാക്ഷി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ബൗദ്ധിക പരിവർത്തനത്തിലൂടെ മറികടക്കാമെന്ന് ബോധ്യം കൈവിട്ടിട്ടുണ്ട്. സെക്യുലർ രാഷ്ട്രത്തിൻ്റെ നൈയാമിക ചട്ടക്കൂടിൽ പിടിച്ചുകെട്ടാതെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കു യാതൊരു കുറവും വരില്ലെന്നു ഭരണകൂടത്തിനു സമ്മതിക്കേണ്ടിയും വന്നിട്ടുണ്ട്. അനാചാരങ്ങൾ തടയുന്നതിനുള്ള നിയമപരമായ ശ്രമങ്ങൾ നടക്കുമ്പോൾ തങ്ങളുടെ കഞ്ഞികുടി മുട്ടുമോ എന്ന കടുത്ത ആശങ്ക മതനേതൃത്വങ്ങൾക്കുണ്ട്.

സംഘടിത മതശക്തികളെല്ലാം തങ്ങളുടെ ആചാരവിശ്വാസങ്ങൾ ഒഴികെ മറ്റെല്ലാരുടെയും അനുഷ്ഠാനങ്ങൾ മൂഢഭക്തിയാണെന്ന നാട്യത്തിൽ നില്ക്കുകയാണ്. സർക്കാർ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം കൊണ്ടുവരുമ്പോൾ തങ്ങളോട് ആലോചിക്കണമെന്ന് ഇക്കൂട്ടർ ആവശ്യപ്പെടുന്നുണ്ട്. അതുവഴി, തങ്ങളുടെ വിശ്വാസങ്ങൾ, അന്ധവിശ്വാസങ്ങൾ ത ന്നെയാണെന്ന സത്യത്തിന്റെ തുറന്നുപറച്ചിലാണവർ ‘യഥാർത്ഥത്തിൽ’ നടത്തുന്നത്.

ഈ പശ്ചാത്തലത്തിൽ, കത്തോലിക്കാ സഭയുടെ സെയ്ന്റ് മേകിങ് അഥവാ വിശുദ്ധീകരണ നടപടികളെയും ശാസ്ത്രത്തിന്റെയും യുക്തിയുടെയും ഉരകല്ലിൽ പരിശോധിക്കേണ്ടതുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വ്യവസ്ഥാപിതവും സംഘടിതവുമായ അന്ധവിശ്വാസോത്പാദന വ്യവസ്ഥയാണ് ഈ വിശുദ്ധീകരണ നടപടികൾ.‍ പക്ഷേ, ശാസ്ത്രീയ ചിന്തകളിലും മനുഷ്യാവകാശമൂല്യങ്ങളിലും ഊന്നിക്കൊണ്ടു മനുഷ്യകുലം നേടിയെടുത്ത ബൗദ്ധികവികാസവും സാംസ്കാരിക വളർച്ചയും സൃഷ്ടിച്ച സാമൂഹിക പുരോഗതി ഇത്തരം പ്രവൃത്തികളിൽ മതങ്ങൾക്കു കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദൈവശാസ്ത്രം അനുസരിച്ച് അന്ത്യവിധി ലക്ഷ്യമാക്കി ഈ ഭൂമിയിൽ തീർത്ഥാടനം ചെയ്യുന്ന ദൈവരാജ്യമായ കത്തോലിക്കാ സഭ നിരവധി ക്ളേശങ്ങൾ നേരിടുന്നുണ്ട്.
പ്രസ്തുത പ്രതിബന്ധങ്ങൾ തരണം ചെയ്യാനുള്ള സംവിധാനമാണു സഭയ്ക്ക് വിശുദ്ധന്മാർ. അവരുടെ ‘അസ്തിത്വം വിശ്വാസികൾക്കിടയിൽ ഉറപ്പിക്കുന്നതിന്’ സഭ നിരവധി ചോദ്യങ്ങൾക്ക് ഉത്തരമേകേണ്ടി വന്നിട്ടുണ്ട്. വിശുദ്ധർ മരണപ്പെട്ടാൽ ഉടൻ തന്നെ അവർ സ്വർഗ്ഗത്തിൽ എത്തുമോ? വിശുദ്ധരുടെയും സാധാരണ വിശ്വാസികളുടെയും ആത്മാക്കൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? വിശുദ്ധന്മാർ അത്ഭുതം പ്രവർത്തിക്കുന്നതു സ്വയമാണോ അതോ അതിന് ദൈവസഹായം ആവശ്യമോ? വിശുദ്ധരുടെ അത്ഭുതവൃത്തികൾ പുരോഹിതന്മാരുടെ കാർമികത്വത്തിലുള്ള കൂദാശകളിലൂടെ ലഭ്യമാകുന്ന രക്ഷയുടെ പ്രാധാന്യം കുറയ്ക്കുമോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ സഭയുടെ ദൈവശാസ്ത്ര പരികല്പനകളിൽ വിശുദ്ധരോടുള്ള വിശ്വാസം സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഓരോ വിശുദ്ധന്റെയും പിറവിയിൽ അനേകം ലക്ഷ്യങ്ങൾ സഭ പൊതുവായും പ്രത്യേകമായും ഉന്നമിടാറുണ്ട്. പലപ്പോഴും, സഭയുടെ ഈ ഉദ്ദേശ്യങ്ങൾ പലതും നിഗൂഢവുമായിരിക്കും. ഒരു സാധാരണ വിശ്വാസിക്ക് ഉത്തമമായൊരു ക്രൈസ്തവ ജീവിതമാതൃകയാണു വിശുദ്ധൻ/വിശുദ്ധ. പുതിയ ഭൂമേഖലകളിലേക്കു സഭയെ വളർത്തുക, പ്രൊട്ടസ്റ്റൻ്റ്, ഇവാഞ്ചലിക്കൽ, പെന്തക്കോസ്ത് വിശ്വാസവിഭാഗങ്ങളുമായി മത്സരിക്കുന്ന സ്ഥലങ്ങളിൽ തങ്ങളുടെ വിശ്വാസികളെ ഉറപ്പിച്ചു നിറുത്തുക, സ്വന്തം വിശ്വാസത്തിന്റെ പ്രൗഡി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, പ്രാദേശിക സംസ്കാരങ്ങളെ ഉൾച്ചേർത്തു ദേശീയതയിൽ അലിഞ്ഞുചേരുക, സഭയുടെ യാഥാസ്ഥിതിക ചിന്തകൾ സമൂഹത്തിൽ പ്രസരിപ്പിക്കുക തുടങ്ങിയവ വിശുദ്ധ പദവിയുടെ ലക്ഷ്യമാണ്.
കുട്ടികളെ ലൈംഗികമായി പിടിപ്പിച്ച വൈദികരെയും മറ്റും സംരക്ഷിച്ച പോപ്പ് ജോൺ പോൾ 2 നെ പോലുള്ളവരുടെ മോശം പ്രതിച്ഛായ മറച്ചു വയ്ക്കുക, സഭ ചെയ്ത ക്രൂരതകൾ വിചാരണ ചെയ്യപ്പെടാതെ നോക്കുക മുതലായ കാര്യങ്ങളും വ്യക്തികളുടെ വിശുദ്ധീകരണത്തിലൂടെ സഭ ലക്ഷ്യമിടാറുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധനലഭ്യത സർക്കാർ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയെ പോലുള്ളയിടങ്ങളിലെ സഭാധികാരികൾക്ക് തങ്ങളുടെ അധികാരം നിലനിറുത്താനുള്ള സമ്പത്ത് നാട്ടുവിശ്വാസികളിൽ നിന്ന് ഊറ്റിയെടുക്കുക എന്ന ഗൂഢലക്ഷ്യവും വിശുദ്ധരോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെയുണ്ട്.

ക്ലാസിക്കൽ ഗ്രീക്ക് ഹീബ്രു സംസ്കാരത്തിലെ സൂപ്പർമാൻ കൾച്ചറിന്റെ പിന്തുടർച്ച തന്നെയാണ് ക്രൈസ്തവ സങ്കല്പത്തിലെ വിശുദ്ധന്മാരും എന്നാണു സാമൂഹികശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മാനവകുലത്തിന്റെ സാർവ്വത്രിക ലക്ഷണമാണു വീരാരാധന. മറ്റു മനുഷ്യരെ ബഹുമാനിക്കാനും അനുകരിക്കാനും അവരുടെ സൗഹൃദം നേടാനും അവരെ സംരക്ഷകരായി പ്രതിഷ്ഠിക്കാനും ഒക്കെയുള്ള മനുഷ്യമസ്തിഷ്കത്തിന്റെ അസാമാന്യമായ വാസനയുടെ ബഹിസ്പുരണമാണിത്. ഈ പ്രതിഭാസത്തിന്റെ സവിശേഷമായ പരിണാമമാണു ക്രൈസ്തവ വിശുദ്ധന്മാരിൽ കാണുന്നത്.

സൂപ്പർമാനെപ്പോലുള്ള വീരന്മാർ ഭൂമിയിൽ ജീവിച്ച് ഇവിടുത്തെ മനുഷ്യരെ രക്ഷിക്കും. എന്നാൽ, ക്രൈസ്തവ വിശുദ്ധർ പൊതുവേ, മരണശേഷമാണ് അവരുടെ രക്ഷാപ്രവൃത്തികൾ ഊർജ്ജിതമാക്കുക. സ്വർഗ്ഗത്തിൽ ഇരുന്നു ക്രിസ്തുവഴി ദൈവപിതാവിന്റെ സവിശേഷാനുഗ്രഹങ്ങൾ തങ്ങളുടെ ഭക്തർക്കു പ്രത്യേകമായി വിതരണം ചെയ്യുക എന്നതാണ് അവരുടെ പണി.

രണ്ടായിരത്തിൽ പരം വർഷത്തെ ചരിത്രത്തിൽ കത്തോലിക്കാ സഭയുടെ വിശുദ്ധന്മാർക്ക് നിരവധി രൂപപരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്യകാലത്ത് റോമാസാമ്രാജ്യം ക്രൈസ്തവരെ കഠിനമായി പീഡിപ്പിച്ചു എന്ന അവകാശവാദത്തിൽ ഊന്നിയിരുന്നതിനാൽ വിശുദ്ധരിൽ മഹാഭൂരിപക്ഷവും രക്തസാക്ഷികൾ ആയിരുന്നു. റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പരിവേഷം പ്രാപ്തമായതോടെ യൂറോപ്പ് കേന്ദ്രീകൃതമായ ക്രൈസ്തവ സഭകൾക്ക് രക്തസാക്ഷികളുടെ ലഭ്യത പരിമിതമായി. ഈ സാഹചര്യത്തിൽ പുതു രീതിയിലുള്ള വിശുദ്ധന്മാരുടെ അവതരണം ആവശ്യമായി വന്നു.
ബ്രഹ്മചര്യം, ദാരിദ്ര്യം, കഠിനവ്രതങ്ങൾ, വെജിറ്റേറിയനിസം, തുടങ്ങിയ ക്ളേശകരമായ ജീവിതരീതികൾ പാലിക്കുന്ന സന്യാസികൾ ആയിരുന്നു മറ്റൊരു പ്രധാന വിഭാഗം. ഭാവി പ്രവചനത്തിനും വന്യമൃഗങ്ങളോട് സംസാരിക്കാനും അത്ഭുത പ്രവൃത്തികൾ ചെയ്യാനുമൊക്കെയുള്ള പ്രാപ്തി ഇവർക്കുണ്ടായിരുന്നു എന്നായിരുന്നു സഭയുടെ അവകാശവാദം. സ്തൂപത്തിനു മുകളിൽ ഏകാന്തവാസം നയിക്കുന്ന സ്തൂപവാസികൾ (Stylite), ഭ്രാന്തന്മാരെപ്പോലെ പരസ്യജീവിതം നയിക്കുന്ന വിശുദ്ധ വിഡ്ഢികൾ (Holy Fool), മലമുകളിലും ഗുഹകളിലും മറ്റും ഏകാന്ത ജീവിതം പിന്തുടരുന്ന താപസർ (Hermit) മുതലായ നാനാജാതി വിശുദ്ധരെ പിന്നീട് ക്രൈസ്തവസഭ കണ്ടെത്തി.

മനുഷ്യാവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിനു ജീവൻ ബലിയേകിയ ആർച്ച് ബിഷപ് ഓസ്കാർ റൊമേറോ, സഭയുടെ ദൈവശാസ്ത്ര ചിന്തകൾക്ക് മിഴിവേകിയ കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാൻ, അന്യ മനുഷ്യനു ന് വിധിച്ച വധശിക്ഷ സ്വയമേറ്റെടുത്ത മാക്സ്മിലിയൻ കോൾബെ, ചാരിറ്റി പ്രവർത്തനങ്ങളുടെ രാജ്ഞിയായ മദർ തെരേസ, പ്രതിസന്ധിഘട്ടങ്ങളിൽ കത്തോലിക്കാ സഭയെ സധൈര്യം മുന്നോട്ടു നയിച്ച ജോൺ പോൾ 2 തുടങ്ങിയ വ്യത്യസ്ത മാതൃകകൾ വിശുദ്ധരുടെ ഇടയിൽ സഭ സൃഷ്ടിച്ചിട്ടുണ്ട്.
വിശുദ്ധരെ നിർമ്മിക്കാനുള്ള പുരാതന മാതൃകകൾ ആധുനികതയുടെ കുത്തൊഴുക്കിൽ കാലഹരണപ്പെട്ടതു മൂലമാണു മനുഷ്യാവകാശ മൂല്യങ്ങളോടും മറ്റും ഐക്യപ്പെടുന്നു എന്ന ധാരണ ഉളവാക്കുന്ന പുതു മാതൃകകൾ സഭ വികസിപ്പിച്ചെടുത്തത്. ഇതിനൊപ്പം, തങ്ങളുടെ യാഥാസ്ഥിതിക മൂല്യബോധങ്ങളെ സമൂഹത്തിൽ ഉറപ്പിക്കുന്നതുമായിരിക്കും ഇത്തരം പ്രതിരൂപങ്ങൾ. മാനുഷിക പ്രവർത്തനങ്ങളുടെ മാലാഖയായ മദർ തെരേസയിലൂടെ കൃത്രിമമായ ഗർഭനിരോധന ഉപാധികളോടുള്ള എതിർപ്പുകൂടി പ്രസരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്.

ചരിത്രവിജ്ഞാനീയം വൈദ്യശാസ്ത്രം തുടങ്ങിയ ശാസ്ത്ര സാമൂഹിക വിജ്ഞാന ശാഖകളുടെ അഭൂതപൂർവ്വമായ വളർച്ച കത്തോലിക്കാ സഭയുടെ വിശുദ്ധികരണ നടപടികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കത്തോലിക്കാ സഭ ഓരോ വിശുദ്ധനെയും പ്രഖ്യാപിക്കുമ്പോൾ വ്യത്യസ്ത മേഖലകളിലെ അക്കാദമിക വിദഗ്ദ്ധർ ഈ നടപടികളെ സൂക്ഷ്മപഠനത്തിന് വിധേയരാക്കും. സങ്കീർണ്ണമായ രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങൾ വിശുദ്ധീകരണ നടപടികളിൽ സഭയ്ക്കുണ്ടെന്നതാണ് ഇതിനൊരു കാരണം.
ഇത് കത്തോലിക്കാ സഭയിൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. പ്രസ്തുത സാഹചര്യത്തിൽ ഇത്തരം സൂഷ്മപരിശോധനകൾ മറികടക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സഭ കൈക്കൊള്ളാറുണ്ട്. വിശുദ്ധന്മാരുടെ മാധ്യസ്ഥതയിൽ നടക്കുന്ന അത്ഭുത രോഗശാന്തി, ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിശദീകരണ സാധ്യതയ്ക്കപ്പുറമാണോ എന്നു പരിശോധിച്ചു സാക്ഷ്യപ്പെടുത്താൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെയടക്കം സഭ തയ്യാറാക്കിയിട്ടുണ്ട്.

പുരാതനകാലത്തു ജനകീയമായ വിശ്വാസമായിരുന്നു വിശുദ്ധപദവിക്ക് ആധാരമെങ്കിൽ ഇന്നത് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘം എന്ന വിപുലമായൊരു സംഘത്തിന്റെ ആംഗീകാരമായിരിക്കുന്നു. ഇത്തരം നടപടികൾ വിശുദ്ധീകരണ നടപടികളുടെ ചെലവു കുത്തനെ ഉയർത്തിയിട്ടുണ്ട്. ഏകദേശം അഞ്ചു ലക്ഷത്തിൽ പരം യൂറോയാണ് ഒരു വാഴ്ത്തപ്പെട്ട വ്യക്തിയെ നിർമ്മിച്ചെടുക്കുവാൻ സഭയ്ക്കു ചെലവാകുമെന്നു കണക്കാക്കപ്പെടുന്നു. ചിലപ്പോൾ അത് 7.5 ലക്ഷം യൂറോ വരെയൊക്കെ ഉയരാറുണ്ടെന്നും പറയപ്പെടുന്നു.

വത്തിക്കാനിലെ സാമ്പത്തിക തിരിമറികൾ അന്വേഷിക്കാൻ 2013ൽ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച കമ്മീഷൻ വിശുദ്ധീകരണ നടപടികൾ യാതൊരു സുതാര്യതയും ഇല്ലാത്തവിധമാണെന്നു കണ്ടെത്തിയിരുന്നു. വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘം അധികാരികൾ തങ്ങളുടെ പ്രവൃത്തികളുടെ ചെലവുകൾ സാധൂകരിക്കുന്നതിനുള്ള യാതൊരു രേഖകളും തങ്ങളുടെ പക്കലില്ലെന്ന് ഈ കമ്മീഷനെ അറിയിച്ചിരുന്നു. അതിൻ്റെയൊക്കെ പശ്ചാത്തലത്തിൽ കൃത്യമായ സാമ്പത്തികാച്ചടക്കം പാലിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങളും 2016 ൽ പോപ്പ് ഫ്രാൻസിസ് കൊണ്ടുവന്നു (1).

ക്രൈസ്തവസഭയുടെ ഉദ്ഭവം പാലസ്തീനായിൽ ആയിരുന്നെങ്കിൽ കാലാന്തരത്തിൽ അതൊരു യൂറോ കേന്ദ്രീകൃത സംവിധാനമായി മാറി. അതുകൊണ്ടുതന്നെ, വിശുദ്ധരിൽ ബഹുഭൂരിപക്ഷവും യൂറോപ്പിൽ നിന്നുള്ളവരുമായി; പ്രത്യേകിച്ചു, ഇറ്റലി ഫ്രാൻസ് തുടങ്ങിയ പ്രദേശവാസികൾ. എന്നാൽ, ജ്ഞാനോദയത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് വിശ്വാസികളുടെ എണ്ണത്തിൽ കടുത്തചോർച്ച നേരിടുന്ന കത്തോലിക്കാ സഭ ആ പ്രതിസന്ധി മറികടക്കാനുള്ള വഴികൾ കൂടുതലായി ആരാഞ്ഞത് ഏഷ്യയും ആഫ്രിക്കയും കേന്ദ്രീകരിച്ച് ആയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നൊക്കെ വിശുദ്ധരാകാൻ ‘സാധ്യതയുള്ളവർ’ പതിന്മടങ്ങായി. ഇതാണ് മരട് മൂത്തേടം പ്രദേശത്തെ കത്തോലിക്കാ വിശ്വാസികളുടെ പൈതൃക സമ്പത്തായ ഫാ. ജോർജ്ജ് വാകയിലിന്റെ വിശുദ്ധീകരണ നടപടികളുടെ ആരംഭത്തിന്റെ സാമൂഹികപശ്ചാത്തലം.
കത്തോലിക്കാ സഭ പൊതുവേ വിശുദ്ധഗണത്തിൽ പെടുത്താൻ സാധ്യതകൾ തുലോം പരിമിതമായൊരു വ്യക്തിത്വമാണ് ഫാ. ജോർജ്ജ് വാകയിലിന്റേത്. ഇക്സ്റ്റ്റോർഡനെറിയായ യാതൊരു കഴിവുകളും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. ഇതിൻ്റെ തെളിവുകൾ അദ്ദേഹത്തിൻ്റെ ജീവചരിത്രം തന്നെ നല്കുന്നുണ്ട്. ഏതൊരു സാധാരണ മനുഷ്യനെയുംപോലെ പച്ചയായ ജീവിത പ്രശ്നങ്ങളിൽ തന്റെ പരിമിതികൾക്കകത്തു നിന്ന് പൂർണ്ണ മനസ്സോടെ ഇടപെട്ട ഒരു സാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. പള്ളിയുടെ തണലുണ്ടായിരുന്നതിനാൽ കാരുണ്യപ്രവൃത്തികൾ ഒരുപടി കൂടുതൽ ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്ക ണം. തീവ്രഭക്തിയുടെ കണ്ണടയിലൂടെ നോക്കുമ്പോൾ അത്തരം മാനുഷികപ്രവത്തനങ്ങൾ ഒരു വിശ്വാസിക്ക് അതിമാനുഷികമെന്നും ദൈവികമെന്നുമൊക്കെ തോന്നും; അത്രമാത്രം. സാധാരണഗതിയിൽ കത്തോലിക്കാ സഭ വിശുദ്ധരാക്കുന്ന രക്തസാക്ഷികളുടെയോ അത്ഭുതപ്രവർത്തകരുടെയോ പരിത്യാഗികളുടെയോ മനുഷ്യാവകാശ പ്രവർത്തകരുടെയോ ഒന്നും ഗണത്തിൽ അദ്ദേഹം ഉൾപ്പെടില്ലെന്നു വ്യക്തം. മാത്രമല്ല, ഒരു ‘കത്തോലിക്ക പുണ്യാത്മാവിന്’ യോജിക്കാത്ത അമിത ദേഷ്യം, സഭാധികാരികൾക്കു കീഴ്പ്പെടുന്നതിൽ വൈമനസ്യം തുടങ്ങിയ സ്വഭാവങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതകാലത്തു തന്നെ അന്താരാഷ്ട്ര വ്യക്തിത്വമായിരുന്ന മദർ തെരേസയെപ്പോലെ പ്രശസ്തിയാർജ്ജിക്കാനാകാത്ത, ‘രാഷ്ട്രീയമായി നിഷ്പക്ഷനായ’ ഫാ. ജോർജ്ജ് വാകയിലിനെ വിശുദ്ധനാക്കിയതുകൊണ്ട് ഇന്നു കത്തോലിക്കാസഭയ്ക്ക് സവിശേഷമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും സാക്ഷാത്കരിക്കാനാകില്ല. ഇതും ഒരുപക്ഷേ, അദ്ദേഹത്തിൻ്റെ നാമകരണ നടപടികളെ മന്ദഗതിയിലാക്കും.

ഫാ. വാകയിൽ പുലർത്തിയിരുന്ന പല ചിന്തകളും ആധുനിക സമൂഹത്തിന് യോജിക്കുന്നതായിരുന്നില്ല. സ്ത്രീകളോട് തുല്യതയോടെ ഇടപെടുന്നതിൽ അദ്ദേഹം തനി പിന്തിരിപ്പനായിരുന്നു. അവരോടൊത്തു ഭക്ഷണംകഴിക്കാൻപോലും അദ്ദേഹം ഭയപ്പെട്ടിരുന്നു. കുട്ടികൾക്കു വിദ്യാഭ്യാസമേകുക, വായനശാല സ്ഥാപിക്കുക തുടങ്ങിയ പുരോഗമന പ്രവൃത്തികൾ ഫാ. ജോർജ്ജ് നടത്തിയിട്ടുണ്ട്. കഷ്ടതകളനുഭവിക്കുന്ന പാവങ്ങളെ സഹായിക്കുന്ന മാനുഷിക പ്രവർത്തനങ്ങളിലും അദ്ദേഹം ഏർപ്പെട്ടു. പക്ഷേ, ഈ പ്രാഥമിക തലത്തിനപ്പുറത്തേക്കു വിശാലമായ മനുഷ്യാവകാശ മൂല്യങ്ങളുടെ സാക്ഷാത്കാരത്തിലേക്കു തൻ്റെ ചിന്തകളെയും പ്രവൃത്തികളെയും വളർത്തുവാൻ പരിശ്രമിച്ചതായി അദ്ദേഹത്തിൻ്റെ ജീവചരിത്രം നമുക്കു തെളിവ് നല്കുന്നില്ല.

അദ്ദേഹം, മൂത്തേടം ഇടവകയിൽ വികാരിയായിരുന്ന സന്ദർഭത്തിൽ സ്വാതന്ത്ര്യത്തിനായുളള ഇന്ത്യൻ ദേശീയ പ്രസ്ഥാനം അതിൻ്റെ നിർണ്ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ഇടവക ജനങ്ങളെ സ്വാതന്ത്ര്യസമരത്തിൽ ഇഴചേർക്കുന്നതിൽ യാതൊരു സംഭാവനയും അദ്ദേഹത്തിനു നല്കാനായില്ല. ഒരുപക്ഷേ, പൊതുവേ ബ്രിട്ടീഷുകാർക്ക് അനുകൂലമായ കത്തോലിക്കാ സഭയുടെ നിലപാട് ഇക്കാര്യത്തിൽ അദ്ദേഹത്തെ സ്വാധീനിച്ചതാകാം എന്നു വേണം അനുമാനിക്കാൻ. മാത്രമല്ല, കേരള സമൂഹത്തിലെ പിന്നാക്ക സമുദായങ്ങൾ വിവിധങ്ങളായ സാമൂഹിക അവകാശങ്ങൾക്കായി പോരാടിയിരുന്ന കാലമായിരുന്നു അത്. മഹാത്മാ അയ്യങ്കാളിയും ശ്രീനാരായണഗുരുവുമൊക്കെ ഈ പോരാട്ടങ്ങളെ മുന്നിൽ നിന്നു നയിക്കുകയും ചെയ്തിരുന്നു. അവകാശങ്ങൾക്കായുള്ള ഇത്തരം മുന്നേറ്റങ്ങളിലും ഫാ. വാകയിലിന്റെ സംഭാവനകൾ തുച്ഛമായിരുന്നു.

ചരിത്രരചനയുടെ രീതിശാസ്ത്രങ്ങൾ ഒന്നും പാലിക്കാതെയും വിശദാംശങ്ങളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകും വിധവും വസ്തുതകളിൽ സൂക്ഷ്മത പുലർത്താതെയുമൊക്കെ മൂത്തേടം പള്ളിയുടെ കീഴിലുള്ള ഭക്തസംഘടനകളും മറ്റും അച്ചടിച്ചിറക്കുന്ന ‘വാകയിൽ ജീവചരിത്രങ്ങൾ’ ആധികാരികമല്ലാത്തതിനാൽ ഭാവിയിൽ അദ്ദേഹത്തിൻ്റെ വിശുദ്ധീകരണ നടപടികൾക്ക് ദോഷകരമാകും എന്നു വിലയിരുത്തുന്നതിൽ തെറ്റില്ല. ഇതുകൂടാതെ, നാമകരണത്തിൽ നിർണ്ണായകമായ ഫാ. ജോർജ്ജ് വാകയിലിന്റെ വസ്തുനിഷ്ഠവും സത്യസന്ധവുമായ ജീവചരിത്രം പുനഃസൃഷ്ടിക്കുന്നതിന് ആവശ്യമായ രേഖകളുടെ അഭാവവും നേരിടാൻ‍ സാധ്യതയുണ്ട്. ഫാ. വാകയിലിന്റെ മാധ്യസ്ഥതയിൽ നടന്ന രോഗശാന്തികളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിശദീകരണ സാധ്യതകളെ മറികടന്നു പ്രകൃത്യതീതശക്തികളുടെ ഇടപെടലുകൾ സ്ഥിരീകരിക്കാൻ പര്യാപ്തമാകില്ല എന്നതാണു വാസ്തവം.
പൊതുവേ, സന്യാസ സഭകളുടെയും വത്തിക്കാനിൽ സ്വാധീനം കൂടുതലുള്ള രൂപതകളുടെയും ഒക്കെ പിൻബലമുള്ള വ്യക്തികളുടെ നാമകരണത്തിനാണു മുൻഗണന ലഭിക്കുന്നത്. വിശുദ്ധനാക്കുന്നതിനു വേണ്ട വമ്പിച്ച സാമ്പത്തിക ചെലവു കണ്ടെത്താനും വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘം ഉന്നയിക്കുന്ന തടസ്സവാദങ്ങൾ തട്ടിനീക്കാനും ഇത് സഹായിക്കും. വാകയിൽ അച്ചൻ്റെ കാര്യത്തിൽ ഇത്തരം സാധ്യതകൾ പരിമിതമാണ് എന്നാണു വിലയിരുത്തപ്പെടുന്നത്. ഒരുപക്ഷേ, സാമ്പത്തിക സുസ്ഥിതി തീരെയില്ലാത്ത വ്യക്തികളുടെ നാമകരണത്തിനായി വത്തിക്കാൻ സ്വരൂപിച്ചിട്ടുള്ള പ്രത്യേക ഫണ്ടിന്റെ സഹായം ഫാ. ജോർജ്ജ് വാകയിലിന്റെ കാര്യത്തിൽ തുണയായേക്കാം.

നാളിതുവരെയുള്ള സഭയുടെ വിശുദ്ധീകരണ നടപടികളുടെ പശ്ചാത്തലത്തിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിശോധിച്ചാൽ, ഫാ. ജോർജ്ജ് വാകയിലിന് ഒരു ഇന്ത്യക്കാരൻ എന്ന നിലയിലുള്ള ആനുകൂല്യം ലഭിക്കാമെന്നതൊഴിച്ചാൽ വിശുദ്ധ പദവിക്കുള്ള സാധ്യതകൾ തുലോം കുറവാണെന്നു കാണാം. ഈ വസ്തുത ഉൾക്കൊള്ളാൻ മരടിലെ കത്തോലിക്ക വിശ്വാസികൾക്ക് ഒരുപക്ഷേ ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ, ഇന്ന് വിശുദ്ധീകരണ നടപടിക്രമങ്ങൾ ലഘൂകരിച്ച് അനേകം വിശുദ്ധരെ കത്തോലിക്കാ സഭ സൃഷ്ടിക്കുന്നുണ്ട്. ഇത് വാകയിലച്ചനെപ്പോലുള്ള സാധാരണക്കാർക്കു വിശുദ്ധപദവിക്കുള്ള ചെറുസാധ്യതകൾ തുറന്നിടുന്നുണ്ട്.

ഇതിൽ അമർഷമുള്ളവരെ സഭയ്ക്കുള്ളിൽത്തന്നെ കാണാം. ഒരു പ്രത്യേക വിഭാഗം ജനങ്ങൾ ബഹുമാനിക്കുന്നു എന്നതുകൊണ്ടു വിശ്വാസികളുടെ വലിയൊരു കൂട്ടത്തെ സംബന്ധിച്ച് അങ്ങനെയാകണമെന്നില്ലെന്നു മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ 1989 ഏപ്രിലിൽ വിശ്വാസ തിരുസംഘത്തിന്റെ അമരത്തിരുന്നുകൊണ്ടു പറഞ്ഞ അഭിപ്രായം ഇതിനു തെളിവാണ്. അതിനാൽ, വിശുദ്ധപദവി നല്കുന്നതിൽ സമകാലീന ഭക്തസമൂഹത്തിനു കൂടുതൽ സാർവ്വത്രികവും പ്രസക്തവുമായ സന്ദേശങ്ങൾ നല്കാൻ സാധിക്കും വിധം ജീവിതം നയിച്ചവർക്കു മുൻഗണന കൊടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഈ അവസരത്തിൽ, ഫാ. ജോർജ്ജ് വാകയിലിന്റെ ഭക്തി പ്രചരിപ്പിക്കുന്നതിന്റെ പേരിൽ നടക്കുന്ന ഒരു അനുചിത പ്രവണതയെക്കുറിച്ചു കൂടി സൂചിപ്പിക്കേണ്ടതുണ്ട്. പുണ്യശ്ലോകൻ എന്നറിയപ്പെട്ടിരുന്ന ഫാ. വാകയിൽ മന്ദംമന്ദം ദൈവദാസപദവിയിലേക്ക് എത്തിയിരിക്കുകയാണ്. ധന്യൻ, വാഴ്ത്തപ്പെട്ടവൻ എന്നീ പദവികൾ പിന്നിട്ട് അദ്ദേഹം വിശുദ്ധനാകുമെന്ന പ്രതീക്ഷ ഭക്തരിൽ അതിയായ ആത്മഹർഷമുണ്ടാക്കിയിട്ടുണ്ട്. അതോടുകൂടി, വാകയിൽ അച്ചൻ്റെ ചരമവാർഷികാചരണവും മറ്റും കൂടുതൽ പ്രൗഢവും വർണ്ണാഭവുമാകുന്നുണ്ട്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങളും അധികാര കസേരകളും നേടുക എന്ന ലക്ഷ്യവുമായി ചുരുക്കം ചിലർ രംഗത്തെത്തിയിട്ടുണ്ട്. ‘പള്ളി വഴി പാർട്ടിയിലേക്ക്; പാർട്ടി വഴി പഞ്ചായത്തിലേക്ക്’ എന്നതാണ് അവരുടെ മുദ്രാവാക്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കൊക്കെ തിരഞ്ഞെടുപ്പുകൾ ആസന്നമാകുമ്പോൾ നടക്കുന്ന ചരമവാർഷികാചരണ സന്ദർഭങ്ങളിൽ ഇത്തരം പ്രവണതകൾ അതിൻ്റെ പാരമ്യത്തിൽ എത്തും. അതുവരെ യാതൊരു പൊതുപ്രവർത്തനവും നടത്താതിരുന്ന വ്യക്തികളൊക്കെ പൊടുന്നനെ ചരമവാർഷികാചരണ കാര്യക്കാരായി രംഗത്തെത്തുന്ന കാഴ്ചകൾ ഒക്കെ നാം കാണുന്നുണ്ട്. തങ്ങളിൽ അർപ്പിതമായ ഭരണഘടനാപരമായ കർത്തവ്യങ്ങൾക്കു പോലും നേരമില്ലാത്ത പല നഗരസഭാ കൗൺസിലർമാരും പള്ളിപ്പ്രമാണികളായി കറങ്ങി നടക്കുന്നതും സാധാരണമാണ്. ഒരു പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, മത പരിപാടികളിൽ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉൾച്ചേരുന്നതു തെറ്റല്ല. എന്നാൽ, തങ്ങളുടെ മതവിശ്വാസവുമായി ചേർന്നുവരുന്ന കാര്യങ്ങളിൽ അമിതശ്രദ്ധ നല്കുകയും സെക്യുലർ പൊതു കാര്യങ്ങളിലും മറ്റു സമുദായക്കാരുടെ ജീവിതപ്രശ്നങ്ങളിലും അലസത പുലർത്തുകയും ചെയ്യുന്നതിൽ ചില അപകടങ്ങൾ പതിയിരിപ്പുണ്ട്.

മെജോറിറ്റേറിയനിസത്തിന്റെ അതിപ്രസരത്തിൽ അസ്തിത്വ ഭീഷണി നേരിടുന്ന ഇന്ത്യൻ സെക്യുലറിസത്തെ ഇത്തരം നടപടികൾ അപകടത്തിലാക്കും. മതേതരമനസ്സുള്ള ഭൂരിപക്ഷവിഭാഗങ്ങളെ സെക്യുലറിസത്തിൽ നിന്നകറ്റി, സംഘപരിവാർ സംഘടനകൾ നടത്തുന്ന ഭൂരിപക്ഷ പ്രീണന നയങ്ങൾക്ക് വളം വച്ചുകൊടുക്കുന്ന പണിയാണ് ഈ രാഷ്ട്രീയക്കാർ ചെയ്യുന്നത്. ‘അവർക്കു വലുത് പള്ളിയാണ്; എങ്കിൽ നമുക്കും സംഘടിച്ചുകൂടേ’ എന്ന ചിന്ത ഭൂരിപക്ഷസമുദായത്തിന്റെ മനസ്സിൽ വിതയ്ക്കുകയാണവർ. അതുവഴി, ഒരേസമയം ന്യൂനപക്ഷ സമുദായങ്ങളുടെയും സെക്യുലർ രാഷ്ട്രീയ പാർട്ടികളുടെയും നിലനില്പ് അപകടത്തിലാക്കുകയാണ് ഇത്തരക്കാർ. പൊതുവേ, കക്ഷിരാഷ്ട്രീയത്തോട് വിരക്തി പ്രകടിപ്പിച്ചിരുന്ന വാകയിലച്ചന്റെ പേരിൽ നടത്തുന്ന ചടങ്ങുകളെ ഇത്തരം രാഷ്ട്രീയക്കളികൾക്കു വേദിയാക്കേണ്ടതുണ്ടോ എന്ന് ഉത്തരവാദിത്വപ്പെട്ടവർ ചിന്തിക്കട്ടെ എന്നു മാത്രമാണ് സൂചിപ്പിക്കാനുള്ളത്.
ഇന്നു യഥാർത്ഥത്തിൽ, ഫാ. ജോർജ്ജ് വാകയിലിനെ എങ്ങനെയെങ്കിലും വിശുദ്ധനാക്കുക എന്ന ലക്ഷ്യത്തിലേക്കു മാത്രം കാര്യങ്ങൾ ചുരുങ്ങുന്നുവോ‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഒട്ടും ആശാവഹമല്ല.

കാരുണ്യപ്രവർത്തകനായ അദ്ദേഹത്തിന്റെ ജീവിതസ്മരണയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ‘വാകയിൽ കൾട്ട്’ മനുഷ്യാവകാശങ്ങളും മാനവികതയും സംരക്ഷിക്കുന്നതിനുള്ള മുന്നണിപ്പടയായി മാറുകയാണു വേണ്ടത്. അങ്ങനെ സംഭവിച്ചാൽ സഭയുടെ നാമകരണനടപടികളുടെ സങ്കീർണ്ണതകളെ മറികടന്നു വിശുദ്ധപദവിയിലെത്താൻ ഫാ. വാകയിലിനു ബുദ്ധിമുട്ടുണ്ടായാൽപ്പോലും ഒരു യഥാർത്ഥ മഹദ്വ്യക്തിത്വമായി ജനമനസ്സുകളിൽ അദ്ദേഹം വിളങ്ങിനില്ക്കും. അതിനുള്ള വിശാലകർമ്മപദ്ധതി രൂപപ്പെടുത്താൻ ഇവിടുത്തെ ക്രൈസ്തവവിശ്വാസികൾക്കാകട്ടെ.
റെഫ്റൻസ്
1.https://amp.theguardian.com/…/vatican-financial-rules…
ഫാ. ജോർജ്ജ് വാകയിലിനെ സംബന്ധിച്ച് എഴുതിയ പഴയ കുറിപ്പുകൾ
1.ഫാ. ജോർജ്ജ് വാകയിൽ : സാമൂഹിക പരിഷ്കരണത്തിൽ നിന്ന് ആൾദൈവത്വത്തിലേയ്ക്കുള്ള പ്രയാണത്തിലോ?
https://swathanthramanavan.blogspot.com/…/blog-post.html
2.ഫാ ജോർജ്ജ് വാകയിൽ: സാമൂഹിക പരിഷ്കാരത്തിന്റെ നവോത്ഥാനമൂല്യങ്ങളിൽ നിന്ന് ആൾദൈവത്വത്തിലൂന്നിയ കച്ചവട യുക്തിയിലേക്കോ? https://swathanthramanavan.blogspot.com/…/blog-post.html

BEST SELLERS