Wednesday, November 29, 2023

Latest Posts

ഒക്ടോബർ 31: വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഓർമ്മദിനം

✍️ ലിബി സി.എസ്

കേരളത്തിലെ മുസ്‌ലിം സമുദായത്തിനിടയിൽനിന്ന് ഉയർന്നുവന്ന സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും നവോത്ഥാന നായകനും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൾ ഖാദർ മൗലവി. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു.

ശ്രീനാരായണ ഗുരുവിൻ്റെ ഇഷ്ട സുഹൃത്ത്. ശ്രീനാരായണ ഗുരുവിനെ മാതൃകാ പുരുഷനായി ആദരവോടെ കണ്ട വിശാലഹൃദയൻ.
“ശ്രീനാരായണ ഗുരു സ്വാമികൾ കായിക്കരയിലോ നെടുങ്ങണ്ടയിലോ വന്നാൽ പൂന്ത്രാം വിളാകത്തു കയറാതെ പോകില്ല. മൗലവിയുമായും അദ്ദേഹത്തിൻ്റെ പിതാവായും വിവിധ വിഷയങ്ങളെപ്പറ്റി ദീർഘമായി സംസാരിച്ചിരിക്കുക സ്വാമികൾക്ക് വളരെ ഇഷ്ടമായിരുന്നു. മൗലവിയുടെ ജേഷ്ഠനായ മുഹമ്മദ് മുഹയിദ്ദീൻ മുസലിയാർ സൂഫിസത്തിൽ അവഗാഹമുള്ള ഒരു പണ്ഡിതനായിരുന്നു. അദ്ദേഹവുമായി ചർച്ചകൾ നടത്താൻ കൂടിയായിരുന്നു സ്വാമികളുടെ ആഗമനം.“


അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ ആളായിരുന്നു അബ്ദുൾ ഖാദർ മൗലവി.
വക്കം മൗലവിയും ഒരു സംഘടനയ്ക് രൂപം നൽകിയിരുന്നു “മുസ്ലിം ധർമ്മപരിപാലന യോഗം” എന്നായിരുന്നു അതിന് നൽകിയ നാമം. പേരിൽത്തന്നെ ഗുരുവിൻറെ സ്വാധീനം വ്യക്തമാണല്ലോ?

വർക്കലയിലെ ശാരദാ പ്രതിഷ്ഠാ വേളയിൽ നടത്തിയ മഹാസമ്മേളനത്തിൽ മുഖ്യപ്രഭാഷകൻ വക്കം മൗലവി ആയിരുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ദൈന്യതയുമാണ് വക്കം മൗലവിയെ പൊതുരംഗത്തേക്കും നവോത്ഥാന പ്രവർത്തനങ്ങളിലേക്കും നയിച്ചത്. പഠിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും നാരായണഗുരുവിന്റെ മാതൃകയിൽ മൗലവി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു.

മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു. മതത്തിന്റെ ആചാരപരമായ വശങ്ങളേക്കാൾ മത-സാമൂഹിക സാമ്പത്തിക വശങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്‌ലിം സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു.


ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. 1906 ജനുവരിയിൽ മുസ്‌ലിം, തുടർന്ന് അൽ-ഇസ്‌ലാം (1918), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു.

ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചു. മുസ്‌ലിം സമുദായത്തിനിടയിലെ നേർച്ചയുടെയും [[ഉർസ്|ഉറൂസിന്റെയും] ഉത്സവങ്ങളെ അത് എതിർത്തു, അതുവഴി യാഥാസ്ഥിതികവിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയരുകയും ഈ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പാപമായി മതവിധി പുറപ്പെടുവിക്കുകയും ചെയ്തു.

സാമ്പത്തിക പ്രശ്‌നങ്ങളും വായനക്കാരുടെ അഭാവവും അഞ്ച് ലക്കങ്ങൾക്കുള്ളിൽ അൽ ഇസ്‌ലാം അടച്ചുപൂട്ടാൻ കാരണമായി, പക്ഷേ കേരളത്തിലെ മാപ്പിള മത പരിഷ്കരണത്തിന് ശ്രമിച്ച ആദ്യകാല പ്രസിദ്ധീകരണമായി ഇത് കണക്കാക്കപ്പെടുന്നു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ, മുസ്‌ലിം, ദീപിക എന്നിവ മലയാളം ലിപിയിൽ തന്നെയായിരുന്നു.


1931-ൽ അദ്ദേഹം ഇസ്‌ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചു. മകൻ അബ്ദുസ്സലാം മലയാളത്തിലേക്കുള്ള വിവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും അല്ലാമ ശിബ്‌ലിയുടെ ഉമർ ഫാറൂഖിന്റെ ജീവചരിത്രം രണ്ട് വാല്യങ്ങളായി അൽ ഫാറൂഖ് എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഓൾ തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭ ആരംഭിച്ച് മുസ്‌ലിംകൾക്കിടയിൽ സംഘടിത പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രമിച്ചു. തിരുവിതാംകൂർ സർക്കാരിന്റെ മുസ്ലീം ബോർഡ് ചെയർമാനായി പ്രവർത്തിച്ചു. കെ.എം. മൗലവി, കെ.എം.സീതി സാഹിബ്, മനപ്പത്ത് കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരോടൊപ്പം “മുസ്‌ലിം ഐക്യ സംഘം” വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ അസോസിയേഷൻ, കൊല്ലം ധർമ്മഭോഷിണി സഭ എന്നിവയുടെ ഉപദേഷ്ടാവായിരുന്നു.

സ്വന്തം ഭാര്യ അബ്ദുൾഖാദർ എന്ന പേര് തന്നെ വിളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും തികച്ചും യാഥാസ്ഥിക കുടുംബത്തിൽ ജനിച്ച അവർ അത് തയ്യാറാകാതിരുന്നതിനാൽ അദ്ദേഹം മകന് ആ പേര് തന്നെയിട്ട് ഭാര്യയെ കൊണ്ട് വിളിപ്പിച്ചു എന്നൊരു രസകരമായ കഥയുമുണ്ട്.

ഉദരരോഗം മൂലം 1932- ഒക്ടോബർ 31ന് അദ്ദേഹം നിര്യാതനായി.

കടപ്പാട്: എം മുഹമ്മദ് കണ്ണ് എഴുതിയ വക്കം മൗലവിയുടെ ജീവചരിത്രം

 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.