Sat. Apr 20th, 2024

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടത്തിയ അക്രമങ്ങൾ ഒളിപ്പോരെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാവില്ലെന്നും കാനം പറഞ്ഞു. ഹർത്താലിലെ അക്രമസംഭവങ്ങളിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കാനം,

പൊലീസ് ജനകീയ സമരങ്ങളെ നേരിടുന്നതും ഒളിപ്പോരിനെ നേരിടുന്നതും രണ്ടുതരത്തിലായിരിക്കും. ജനകീയ സമരങ്ങൾ വന്നാൽ പൊലീസിന് തടയാനും ഇല്ലാതാക്കാനും പറ്റും. എന്നാൽ ഹെൽമെറ്റിട്ട് മോട്ടോർ സൈക്കിളിൽ വന്ന് കല്ലെറിഞ്ഞാൽ എങ്ങനെ പിടിക്കാനാകുമെന്നും കാനം ചോദിച്ചു,. അക്രമമുണ്ടായപ്പോൾ പൊലീസ് നിർവീര്യമായെന്ന് പറയുന്നു. രണ്ടു സ്ഥലത്ത് അടിയും വെടിയുമുണ്ടായാൽ നിങ്ങൾ എന്തായിരിക്കും പറയുക. അതു കൊണ്ട് സർക്കാർ എല്ലാം ബാലൻസ് ചെയ്ത് വേണം മുന്നോട്ടുപോകാൻ. പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചാൽ എങ്ങനെ പ്രൊട്ടക്ഷൻ കൊടുക്കും. അതിക്രമങ്ങൾ കാണിച്ച ആളുകൾക്ക് എതിരെ കേസെടുക്കുക, നിയമത്തിന് മുന്നിൽ കൊണ്ടുവരിക. അതാണ് പൊലീസിന് സാധിക്കുന്നത്. അത് സമർത്ഥമായി നടക്കുന്നുണ്ടെന്നും കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചാൽ എല്ലാവർക്കും സംരക്ഷണം നൽകണമെന്ന് പറഞ്ഞാൽ നടക്കുമോ? കെ.എസ്.ആർ,ടി.സി ബസിന് പൊലീസ് സംരക്ഷണം നൽകുന്നത് താൻ കണ്ടതാണ്. എവിടെയാണ് നൽകാത്തത് എന്ന് ഓരോന്നായി പറഞ്ഞാൽ അതിനെക്കുറിച്ച് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സമാധാനപരമായി പോകുന്ന സമൂഹത്തിൽ ധാരാളം കുഴപ്പങ്ങളുണ്ടാക്കാൻ ഇന്നലത്തെ ഹർത്താലിന് കഴിഞ്ഞിട്ടുണ്ട്. അതിനെ അപലപിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കാനം വിമർശിച്ചു.

BEST SELLERS