Fri. Mar 29th, 2024

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളത്ത് എത്തിയതോടെ പുതിയ വിവാദം. ഇതിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച പോസ്റ്ററില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചതാണ് വിവാദത്തിലായത്. നെടുമ്പാശ്ശേരി അത്താണിയിലാണ് വിവാദ പോസ്റ്റര്‍ പതിച്ചത്. സംഭവം സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ വിമര്‍ശനത്തിന് ഇടായാക്കിയതോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇതിന് മുകളില്‍ പതിച്ച് മറക്കുകയായിരുന്നു. എന്നാല്‍ ഇടത് എം എല്‍ എമാരടക്കം പലരും കോണ്‍ഗ്രസിന്റെ വിവാദ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് വലിയ വിമര്‍ശനം നടത്തുകയുണ്ടായിരുന്നു.

കോണ്‍ഗ്രസിനുള്ളിലെ സംഘ്പരിവാര്‍ മനസ്സുകാരാണ് ഇത്തരം പോസ്റ്റര്‍ സ്ഥാപിച്ചതെന്നാണ് വിമര്‍ശനം. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍ എസ് എസുമായി കഴിയുന്നവരാണ് പോസ്റ്റര്‍ സ്ഥാപിച്ചതെന്നും എതിരാളികള്‍ പരിഹസിക്കുന്നു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ഫ്‌ളക്‌സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനായിരുന്നു. ഇയാള്‍ ഫ്‌ളക്‌സ് പ്രിന്റിംഗിനായി കടക്കാരനെ ഏല്‍പ്പിക്കുകയും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം പതിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അപ്പോള്‍ സംഭവിച്ച പിഴവാണിതെന്നും കോണ്‍ഗ്രസ് പറയുന്നു. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ നീക്കം ചെയ്തതായും കോണ്‍ഗ്രസ് അറിയിച്ചു.

BEST SELLERS