Thu. Apr 18th, 2024

✍️ മുഹമ്മദ് ഫർഹാദ് ഇസ്മായിൽ

പട്ടികൾക്കെതിരെ കേരളത്തിൽ ഒരു ഹിസ്റ്റീരിയ പടർന്നു പിടിക്കുന്നുണ്ട്. പതുക്കെ ഒരു ആൾക്കൂട്ടം രൂപപ്പെടുന്നു.ഒരു ജീവിവർഗ്ഗത്തിനെതിരെ വംശനാശ ഭീഷണി മുഴക്കൽ സ്വാഭാവികം ആകുകയും എങ്ങനെ കൊല്ലാം എന്ന ചർച്ചകൾ മുറുകുകയും ചെയ്യുന്നു. പ്രധാനമായും ഈ ചർച്ചയിൽ കണ്ട ചില വൈരുധ്യങ്ങൾ, അസംബന്ധങ്ങൾ:

ഒന്ന്, കേരളത്തിൽ ഇപ്പോൾ ഒരു പഞ്ചായത്തിൽ മൂന്ന് ഇറച്ചി കടകൾ വീതം ഉള്ളത് കൊണ്ട് തെരുവ് പട്ടികൾ പച്ച ഇറച്ചിയും ചോരയും കഴിച്ചു റിവേഴ്‌സ് ജനിതക മാറ്റം സംഭവിച്ച് ചെന്നായ്ക്കൾ ആയി മാറുന്നു. ഈ വാദം മുസ്ലീങ്ങൾ ഏറ്റു പറയുന്നതാണ് എനിക്ക് ഏറ്റവും തമാശ ആയി തോന്നുന്നത്. സത്യത്തിൽ ഈ വാദത്തിൽ പട്ടി ഒരു മെറ്റഫർ ആണ് മക്കളെ… അത് നിങ്ങൾക്കെതിരെ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ആയുധം ആണ്. തൽക്കാലം കൂടുതൽ പറയുന്നില്ല. യുക്തിയുടെ കണിക പോലും ഇല്ലാത്ത, ജീവശാസ്ത്രത്തിനു ഘടക വിരുദ്ധമായ ഈ പ്രചരണം യുക്തിവാദികളെ അലട്ടുന്നില്ല. മനുഷ്യന്റെ കാര്യത്തിൽ കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്ന കേവല പരിണാമവാദത്തെ എതിർക്കുന്ന മുസ്‌ലീങ്ങൾക്ക് പട്ടിക്കെതിരെ ആകുമ്പോൾ ഈ വാദം സ്വീകാര്യമാകുന്നു. വൈരുധ്യം നോക്കൂ. കൊന്നൊടുക്കാനുള്ള ത്വരക്ക് മുൻപിൽ മറ്റൊരു തർക്കത്തിനും സ്കോപ്പില്ല.
രണ്ട്, വൈശാഘൻ തമ്പിയെ പോലുള്ള യുക്തി വാദികളുടെ പട്ടികളെ കൊല്ലാനുള്ള ‘യുക്തിസഹമായ’ കാരണങ്ങൾ അസംബന്ധം ആണ്. കാരണം പട്ടികൾ കൂടുതൽ ആണ് എന്നതിന് എന്ത് പഠനം ആണ് ഉള്ളത്? അതായത് ഇത്ര സ്ഥല പരിമിതിക്കുള്ളിൽ ഇത്ര മനുഷ്യർക്കിടയിൽ ഇത്ര പരിധിയിൽ കൂടുതൽ നായ്ക്കൾ അപകടം ആണ് എന്ന് തെളിയിക്കുന്ന എന്ത് കണക്കാണ് ഉള്ളത്? അങ്ങനെ കണക്ക് ഉണ്ടെങ്കിൽ കേരളത്തിൽ നായ്ക്കൾ ആ പരിധി മറി കടന്നോ?നായിക്കൾ സംഘമായും ഒറ്റക്കും മനുഷ്യനെ ആക്രമിക്കുന്നു എന്നിരിക്കെ എണ്ണം കുറക്കുന്നതിലൂടെ ആക്രമം കുറക്കാം എന്നതിന് അടിസ്ഥാനം എന്താണ്? അപ്പോൾ പൂർണമായ വംശഹത്യ വേണം എന്നാണോ? തദ്ദേശീയ നായ്ക്കളെ പൂർണമായും വംശഹത്യ നടത്താം എന്നാണോ?

മൂന്നു, ഇതിനോട്, ചേർത്ത് പറയാവുന്ന വൈരുധ്യം, മുൻപ് ഒരു മുസ്ലിം നാമക്കാരൻ വണ്ടിയിൽ പട്ടിയെ കെട്ടി വലിച്ചപ്പോൾ യുക്തി വാദികൾ നിസ്സംശയം ഇസ്ലാമിനെ എതിർത്തു. മുസ്ലീങ്ങൾ പട്ടിയെ തൊടില്ല എന്ന് പറയുന്നത് അല്ലാതെ പട്ടിയെ ദ്രോഹിക്കുന്നതൊ കൊല്ലുന്നതൊ മതപരമായ കാര്യം ആയി കരുതുന്നില്ല. എന്നാൽ ഇന്ന് മനുഷ്യനെതിരെ പട്ടിയെ സ്ഥാപിക്കുമ്പോൾ പട്ടിയെ കൊല്ലാം എന്ന കാര്യത്തിൽ വിശ്വാസികളും യുക്തിവാദികളും ഒറ്റ കേട്ടാണ്. പട്ടിയെ സംബന്ധിച്ച് വിശ്വാസികളുടെ ദൈവനീതിയോ, യുക്തിവാദികളുടെ യുക്തിയോ രക്ഷയാകുന്നില്ല. അവറ്റകളുടെ വിധി!
നാല്, റാബിസ് വൈറസ് ബാധിക്കുന്ന ഏക ജീവി പട്ടി അല്ല. മനുഷ്യൻ അടക്കം നമ്മുടെ ചുറ്റുവട്ടത്തുള്ള മിക്ക ജീവികളെയും ആ വൈറസ് ബാധിക്കുകയും മനുഷ്യരിലേക്ക് പകരുകയും ചെയ്യും. പട്ടികൾ ആ വൈറസിന്റെ ഉത്പാദകർ ആണ് എന്ന മട്ടിൽ ആണ് പ്രചാരണം. പട്ടിയും മനുഷ്യനെ പോലെ അതിന്റെ ഇരയാണ്. ജീവികളെ കൊന്ന് വൈറസിനെ പ്രതിരോധിക്കാം എന്ന് കരുതുന്നത് അസംബന്ധം ആണ്. എന്തിനെ ഒക്കെ കൊല്ലും, എത്ര വരെ കൊല്ലും.

നായ്ക്കൾ അക്രമസക്തർ ആകുന്നതിനു കാരണം ആയിട്ട് ഞാൻ കാണുന്നത്, കേരളത്തിൽ പൊതുവെ പട്ടികൾക്കെതിരായ ഒരു വികാരം ഉണ്ട്. വെറുതെ ജീവികളെ ഉപദ്രവിക്കുന്ന, കല്ലെറിയുന്ന സംസ്കാരം ഉണ്ട്. കേരളത്തിൽ പട്ടികളെ സോഷ്യലൈസ് ചെയ്യാൻ അനുവദിക്കുന്നില്ല. എല്ലാ മൃഗങ്ങൾക്കും ഒരു ഫിയർ ഡിസ്റ്റൻസ് ഉണ്ട്. മനുഷ്യനുമായി ആ ഫിയർ ഡിസ്റ്റൻസ് കുറഞ്ഞ, ആ ഡിസ്റ്റൻസ് എളുപ്പം ഇല്ലാതാകുന്ന ഒരു ജീവി ആണ് പട്ടി. ആ പട്ടിയെ ഭയന്ന് കൊല്ലണം എന്ന ലളിതമായ യുക്തിയിൽ എത്തി ചേർന്നാൽ ലോകത്ത് മനുഷ്യൻ ഒഴിച്ച് എല്ലാത്തിനെയും കൊല്ലണം എന്നു കൂടി ആണ് നിങ്ങൾ പറയുന്നത്. മൃഗങ്ങൾ പൊതുവെ അൽപ്പം വയലന്റ് ആകുന്ന ഇണ ചേരൽ, പ്രസവം, മുലയൂട്ടൽ തുടങ്ങിയ സമയങ്ങളിൽ പോലും മനുഷ്യനുമായി ഇണങ്ങിയ പട്ടി പൂച്ച പോലുള്ള നാട്ടു മൃഗങ്ങൾ മനുഷ്യനോട് വയലൻസ് കാണിക്കുകയില്ല. അതിന്റെ സ്വന്തം വംശത്തിൽ ഉള്ള മറ്റു മൃഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ പ്രോട്ടക്റ്റ് ചെയ്യുമ്പോൾ പോലും മനുഷ്യനോട്‌ അതിന് ആ ഭയത്തിന്റെ അകലം ഉണ്ടാകുകയില്ല.
പട്ടികൾക്ക് മനുഷ്യൻ ഒരു സ്വാഭാവിക ശത്രു അല്ല. കീരിയും പാമ്പും പോലെ, പൂച്ചയും പാമ്പും പോലെ, പൂച്ചയും പട്ടിയും പോലെ ഒക്കെ. ഈ ജീവികൾക്ക് പരസ്പരം വേട്ടയാടാനുള്ള ജനിതകമായ ത്വര ഉണ്ട്. പട്ടിയെ സംബന്ധിച്ച് മനുഷ്യൻ സഹജീവി ആണ്. കുടുംബം ആണ്.

കേരളത്തിൽ തന്നെ തെരുവ് നായ്ക്കൾ അവരോടു മനുഷ്യൻ ഇടപെടുന്നത് പോലെ തിരിച്ചു ഇടപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഉദാഹരണം സ്കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടായിരുന്ന പട്ടികൾ, മാനവീയത്തെ പട്ടികൾ ഒക്കെ മനുഷ്യർ അറിയാതെ അതിന്റെ വാലിൽ ചവിട്ടിയാൽ പോലും കടിക്കില്ല. അത്രമാത്രം നിർഭയത്വത്തിൽ ആണവർ. അതേ സമയം തൊട്ടടുത്ത തെരുവിലേ നായ്ക്കൾ കുരച്ചു ചാടും. ഇതിനുള്ള പ്രതിവിധി മനുഷ്യർ സാമൂഹികമായി മൃഗങ്ങളോട് അൽപ്പം മര്യാദ പാലിക്കുക. പട്ടികൾ കൃത്യമായി ടെറിട്ടറി ഉള്ള ജീവി ആണ്. അതിന്റെ ടെറിട്ടറി ചെറുതാണ്.നിങ്ങൾ അതിന്റെ ടെറിട്ടറിയിൽ നിന്ന് ഓടിച്ചു വിട്ടാൽ തൊട്ടപ്പുറത്തുള്ള പട്ടികൾ അതിനെ അവിടെ ജീവിക്കാൻ സമ്മതിക്കില്ല. ഓരോ തവണ നിങ്ങൾ ഒരു പട്ടിക്കെതിരെ കല്ലെറിയുമ്പോഴും അതിന്റെ ഇണയിൽ നിന്ന്, ഭക്ഷണ സ്ഥലത്തു നിന്ന് പരിമിതമായ വാസസ്ഥലത്ത് നിന്ന് ഓടിച്ചു വിടുകയാണ് ചെയ്യുന്നത്. ഓരോ തവണ കല്ലെറിയുമ്പോഴും മനുഷ്യനുമായി പൊരുതി മാത്രം അതിജീവനം സാധ്യമാകുന്ന ട്രെയിനിംഗ് കൊടുക്കുകയാണ് ചെയ്യുന്നത്. ഓരോ തവണ കല്ലെറിയുമ്പോഴും മുന്നിൽ വരുന്ന അടുത്ത മനുഷ്യനു നേരെ കുരക്കേണ്ടുന്നതിന്റെ അനിവാര്യത നിങ്ങളതിനെ പഠിപ്പിക്കുകയാണ്. ഉടമ പറയുമ്പോൾ ഇരിക്കാനും നിൽക്കാനും ഉരുളാനും പട്ടി പഠിക്കുന്നത് ചെറിയ ബിസ്‌ക്കറ്റ് കഷ്ണത്തിനും ഒരു തലോടലിനും വേണ്ടിയാണ്. അതേ ട്രെയിനിംഗ് ആണ് മനുഷ്യനെ കുരച്ചു ഭയപ്പെടുത്താൻ മനുഷ്യൻ തന്നെ പട്ടിക്ക് നൽകുന്നത്.

നിങ്ങൾ ആവശ്യം എങ്കിൽ മുൻ‌കൂർ റാബിസ് വാക്സിൻ എടുക്കുക. നിങ്ങളുമായി അടുത്ത് ഇടപെടുന്ന മൃഗങ്ങൾക്കും എടുക്കുക. ചെറുപ്പം മുതൽ മൃഗങ്ങളെ നിരീക്ഷിക്കുന്നതിൽ കൗതുകം ഉള്ളത് കൊണ്ടാണ് എഴുതിയത്. മൃഗ സ്‌നേഹി അല്ല. മനുഷ്യരെ നിരീക്ഷിക്കുന്നത് മനുഷ്യ സ്നേഹം കൊണ്ടല്ലല്ലോ. അതൊക്കെ ജീവിതത്തിന്റെ ഭാഗം ആണെന്ന് തോന്നുന്നത് കൊണ്ട് അതൊക്കെ പരിചയം ഉണ്ടെന്നു മാത്രം. ഇത് എഴുതിയത് വൻ പ്രിവിലേജിൽ നിന്ന് മണ്ണിൽ തൊടാതെ ജീവിക്കുന്ന ആളായത് കൊണ്ടല്ല. (അത് മറ്റൊരു അസംബന്ധം) എന്നെങ്കിലും ആ പ്രിവിലേജ് ഉണ്ടായാൽ തന്നെ ചുമ്മാ നടക്കാൻ ഇഷ്ട്ടം ഉള്ളത് കൊണ്ട് അത് ഉപേക്ഷിക്കാൻ താല്പര്യവുമില്ല.

BEST SELLERS