Fri. Mar 29th, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിൽ രൂപപ്പെട്ട അപകട കുഴികളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രമാണെന്ന് വിഡി സതീശൻ പരിഹസിച്ചു. ഇത്തവണ എല്ലാ മാധ്യമങ്ങളും റോഡിലെ മരണക്കുഴികളെ കുറിച്ച് റിപ്പോർട്ട്‌ ചെയ്തിരുന്നു. മന്ത്രിയുടെ ശ്രദ്ധയിൽ മാത്രമാണ് കുഴി വരാതെ പോയത്. റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണം. പറയുന്ന കാര്യങ്ങൾ സുധാകരൻ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

റോഡിലെ കുഴികളുടെ കാര്യത്തില്‍ മന്ത്രി പറഞ്ഞതിൽ പലതും വസ്തുതാപരമല്ലെന്നാണ് സതീശൻ പറയുന്നത്. വകുപ്പിലെ തര്‍ക്കം കാരണം പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകിയിട്ടുണ്ട്. പൈസ അനുവദിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷേ പണി നടന്നിട്ടില്ല. ദേശീയ പാതയിലെ കുഴികൾക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഉത്തരവാദികളാണെന്നും സതീശൻ കൂട്ടിച്ചേർത്തു. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിഞ്ഞിരിക്കണം. വായ്ത്താരിയും പിആര്‍ഡി വർക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിന്‍റനന്‍സ് വൈകുന്ന സ്ഥിതിയാണിത്തവണയുള്ളതെന്നും സതീശൻ കുറ്റപ്പെടുത്തി.

BEST SELLERS