Fri. Apr 19th, 2024

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തൃശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം.

ദുരിതാശ്വാസ നടപടികള്‍ 2018ലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി: റവന്യൂ മന്ത്രി

തൃശൂര്‍ 2018ലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദുരിതാശ്വാസ നടപടികളെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ അവിടെത്തന്നെ കഴിയണം. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി കെ രാജന്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടികള്‍ ഊര്‍ജിതമാക്കിയത്.

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ ആരംഭിച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. പുഴയില്‍ ഒഴുക്കു കൂടിയത് ഗൗരവതരമാണ്. എന്നാല്‍, അനാവശ്യ ഭീതിയുണ്ടാക്കരുത്. വാഹനങ്ങളില്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റും. ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകള്‍ സീല്‍ചെയ്തു മാറ്റും. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഫാമുകളിലുള്ള മൃഗങ്ങളെയടക്കം മാറ്റി താമസിപ്പക്കാനുള്ള സൗകര്യമൊരുക്കും. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തയാറാക്കി നിര്‍ത്തും. വ്യോമ, നാവിക സേനകള്‍ സജ്ജമാണ്. ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിവില്ലാത്ത കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ രാജന്‍ പറഞ്ഞു.

BEST SELLERS