Fri. Mar 29th, 2024

തായ്‌വാന്‍ സന്ദര്‍ശനത്തിനുശേഷം യു.എസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസി യു.എസിലേക്ക് മടങ്ങി. ഇന്നലെ തായ്‌പേയിലെത്തിയ നാന്‍സി പെലോസി തായ് പ്രസിഡന്റ് സായ് വെനുമായി കൂടിക്കാഴ്ച നടത്തി. തയ്‌വാന്‍ ജനതയെ ഉപേക്ഷിക്കാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നു പെലോസി വ്യക്തമാക്കി.

ചൈനയുടെ എതിര്‍പ്പ് വകവയ്ക്കാതെ തായ്‌വാനിലെത്തിയ നാന്‍സി പെലോസിക്ക് പരമോന്നത ബഹുമതി നല്‍കിയാണ് തായ്വാന്‍ ആദരിച്ചത്. ഓര്‍ഡര്‍ ഓഫ് പ്രൊപിഷ്യസ് ക്ലൗഡ്‌സ് നല്‍കിയാണ് ആദരം. തായ്വാന്‍ ജനാധിപത്യത്തിന് അമേരിക്കയുടെ പിന്തുണ അറിയിച്ച് നാന്‍സി പെലോസി തായ്‌വാന്‍ ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമൂഹങ്ങളില്‍ ഒന്നാണെന്ന് പ്രതികരിച്ചു.

പെലോസിയുടെ സന്ദര്‍ശനം അമേരിക്ക-ചൈന ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന പ്രതിഷേധം അറിയിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് തായ്‌വാന്‍ അതിര്‍ത്തി കടന്നു പറന്നത് 21 ചൈനീസ് യുദ്ധവിമാനങ്ങളാണ്.

സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാനിലേക്കുള്ള മണല്‍ കയറ്റുമതി ചൈന നിരോധിച്ചു. പഴവര്‍ഗങ്ങളുടെയും മല്‍സ്യ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിയും തടഞ്ഞു. തായ്‌വാന്‍ ദ്വീപിന് ചുറ്റും ചൈന സൈനിക വിന്യാസം കൂട്ടി. സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് അയല്‍രാജ്യമായ ജപ്പാന്‍ പ്രതികരിച്ചു. സൈനിക അഭ്യാസത്തിന്റെ പേരില്‍ അതിര്‍ത്തി കടന്നാല്‍ പ്രതികരിക്കേണ്ടി വരുമെന്ന് തായ്‌വാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. സൈന്യത്തിന് തായ്‌വാന്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി.

BEST SELLERS