Sat. Apr 20th, 2024

മതവിദ്വേഷം പടര്‍ത്തുന്നതിനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കേസ് എടുക്കുന്ന വകുപ്പുകളിൽ ഒന്നായ ഐ പി സി 153- എ പ്രകാരം ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം കേരളമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 നും 2020 നും ഇടയില്‍ 552 പേരാണ് സംസ്ഥാനത്ത് ഈ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടത്.

രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന വകുപ്പുകളിലൊന്നാണ് 123- എ. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെയും സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തകരേയുമൊക്കെ വരുതിയില്‍ കൊണ്ടുവരാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുംകേന്ദ്ര സര്‍ക്കാരുകളും ഈ വകുപ്പ് നിര്‍ബാധം ഉപയോഗിക്കുന്നതായി വലിയ പരാതികള്‍ ഉയരാറുണ്ട്. ഇത്തരത്തില്‍ കേവലം ഇരുപത് ശതമാനം കേസുകളിലേ ശിക്ഷിക്കപ്പെടാറുള്ളു. എന്നാല്‍ ഐ പി സി 153 എ യില്‍ എടുത്ത 64 ശതമാനം കേസുകള്‍ ഇന്ത്യയില്‍ വിവിധ കോടതികളില്‍ വിചാരണക്കായി പെന്‍ഡിംഗിലാണ്. 2018 ല്‍ ഈ വകുപ്പ് ഉപയോഗിച്ച് ഇന്ത്യയില്‍ ഏററവും കൂടുതല്‍ അറസ്റ്റ് നടന്നത് കേരളത്തിലാണ്. 261 പേരാണ് ആ വര്‍ഷം മാത്രം അറസ്റ്റിലായത്.

പരാതികളില്‍ തങ്ങള്‍ കൃത്യമായി കേസെടുക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതെന്ന് പൊലീസ് പറയുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പറയുന്നത് വലിയതോതില്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഈ അറസ്റ്റുകള്‍ നടക്കുന്നതെന്നാണ്.

രാജ്യദ്രോഹ കുറ്റം ആരോപിക്കാവുന്ന വകുപ്പായി 124 എ യും, മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയെന്ന 295 A യുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം നടത്തുന്ന വകുപ്പുകള്‍.

BEST SELLERS