Monday, June 27, 2022

Latest Posts

ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ രണ്ടാം റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചു

തിരുവനന്തപുരം: ആറാം ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോർട്ടിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ശിപാർശകൾ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. എല്ലാ പ്രാദേശിക സർക്കാരുകളും നികുതി നികുതിയേതര വരുമാനം പൂർണ്ണമായി കണ്ടെത്തി പിരിച്ചെടുക്കുന്നതിന് ജി ഐ എസ് സംവിധാനം ഉപയോഗപ്പെടുത്തി അടിസ്ഥാന രേഖ തയ്യാറാക്കണം. അത് ഒരു പൊതു രേഖയായി മാറണം. നികുതി കാര്യത്തിൽ സുതാര്യത ഉറപ്പാക്കണം. നികുതി വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി പ്രാദേശിക സർക്കാർ വെബ്സൈറ്റിൽ ലഭ്യമാക്കണം. പ്രാദേശിക സർക്കാരുകൾ എല്ലാ തുകയും ഇലക്ട്രോണിക്കായി അടക്കുന്നതിനുള്ള ഇ-പെയ്മെന്റ് സൗകര്യം ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് കമ്മീഷൻ റിപ്പോർട്ടിലുള്ളത്.

ഈ സാമ്പത്തിക വർഷം മുതൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഷിക ബജറ്റിനൊപ്പം റോളിംഗ് റവന്യൂ വർദ്ധിപ്പിക്കൽ കർമ്മ പദ്ധതി തയ്യാറാക്കണം. സോഫ്റ്റ്‌ വെയറുകളുമായും മറ്റും സംബന്ധിച്ച നികുതിദായകരുടെ പരാതികൾ പരിഹരിക്കുന്നതിന് ഐകെഎം ആസ്ഥാനത്ത് പ്രത്യേക ടീം സജ്ജമാക്കും. എല്ലാ പരാതികൾക്കും മണിക്കൂറുകൾക്കകം പരിഹാരം കാണുന്നതിന് ഇത് സഹായകരമാകും.
വസ്തുനികുതി പരിഷ്കരണ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട ഡാറ്റാബേസ് കാലാനുസൃതമാക്കുകയും വേണം. വിവരങ്ങൾ പ്രാദേശിക സർക്കാരുകളുടെ വെബ്സൈറ്റിൽ ലഭ്യമാക്കണം. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാർഡ്/ ഡിവിഷൻ അടിസ്ഥാനത്തിൽ ലഭ്യമാക്കണം. ഗ്രാമ നഗര പ്രദേശങ്ങളിലെ വസ്തുനികുതി പരിഷ്കരണ നടപടികൾ 2023 മാർച്ച് 31നകം പൂർത്തീകരിക്കണം. അടുത്ത സാമ്പത്തിക വർഷം മുതൽ വസ്തുനികുതി പരിഷ്കരണം വർഷത്തിലൊരിക്കൽ നടത്തണം. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വർദ്ധനവിന് പരിധി ഏർപ്പെടുത്താനുള്ള നിലവിലുള്ള തീരുമാനം പിൻവലിക്കും.

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളെ വസ്തുനികുതി പരിധിയിൽ കൊണ്ടുവരും. 50 നും 60 നും ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്റെ പകുതി നിരക്കിൽ വസ്തു നികുതി ഈടാക്കും. 1.4.22 മുതൽ നിർമ്മിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകൾക്ക് തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ തന്നെ അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും.
മൊബൈൽ ടവറുകളുടെ നികുതിനിരക്ക് പരിഷ്കരിക്കും. പ്രാദേശിക സർക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാൽ പിരിച്ചെടുക്കാൻ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതി തള്ളുന്നതിനുള്ള പരിധി ഉയർത്തും. കേരള മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനസ്ഥാപിക്കും. ഇത് പ്രകാരം ഒരു കെട്ടിടം പൊളിച്ചു മാറ്റുന്ന വിവരം പ്രാദേശിക സർക്കാരിനെ കെട്ടിട ഉടമസ്ഥൻ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതി വരെയുള്ള നികുതി അടക്കാൻ ഉടമ ബാധ്യസ്ഥനാണ്.

വിനോദത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് വിനോദനികുതി ആക്ട് ഭേദഗതി ചെയ്യും. വിനോദ നികുതി നിരക്ക് 10 ശതമാനമാകും. തിയറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദ നികുതി കണക്കാക്കുന്നതിനും പ്രാദേശിക സർക്കാരുകൾ സോഫ്റ്റ്‌വെയർ സംവിധാനം തയ്യാറാക്കും. സ്വന്തമായി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന തിയേറ്ററുകൾ പ്രാദേശിക സർക്കാറിന് ഡാറ്റ കൈമാറാൻ ബ്രിഡ്ജ് സോഫ്റ്റ്‌വെയർ തയ്യാറാക്കണം.
റോഡുകളുടെ വശങ്ങളിൽ വാണിജ്യാവശ്യത്തിന് സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ ലൈസൻസ് ഫീസിന്റെ പരിധിയിൽ കൊണ്ടുവരും. പ്രാദേശിക സർക്കാരുകളുടെ ഉടമസ്ഥതയിലുള്ളകെട്ടിടങ്ങളുടെ വാടകയിനത്തിൽ ചില വിഭാഗങ്ങൾക്ക്കിഴിവ് അനുവദിക്കുന്നതിനുള്ള അധികാരം പ്രാദേശിക സർക്കാരുകൾക്കായിരിക്കും. പരമാവധി 10 ശതമാനമായിരിക്കും. ഇത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ലഭിക്കും. പ്രാദേശിക സർക്കാരുകൾ വാണിജ്യ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് പ്രാവർത്തികമാക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയിൽ ചർച്ച നടത്തും.

കേരള ലോക്കൽ ഗവൺമെന്റ് ഡെവലപ്മെന്റ് ഫണ്ട് രൂപീകരിച്ച് കൊണ്ട് ലോക്കൽ അതോറിറ്റിസ് ലോൺസ് ആക്ട് പ്രാവർത്തികമാക്കും. റവന്യൂ ബോണ്ടുകൾ ഇറക്കാൻ സാധിക്കുന്ന പ്രാദേശിക സർക്കാരുകൾക്ക് പ്രോത്സാഹനം നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് കാര്യപരിപാടി തയ്യാറാക്കും.
പൊതു കാര്യങ്ങൾക്കായി ഭൂമി സ്വമേധയാ സംഭാവന ചെയ്യുന്നത് ശക്തിപ്പെടുത്തുന്നതിനായി ലാൻഡ് റീ റിലിംഗിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യും. ഇത് പ്രാദേശിക സർക്കാരുകൾക്ക് ഭൂമി വിട്ടു നൽകുന്നതിന് സഹായകമാകും. വിദ്യാലയങ്ങൾ,ആശുപത്രികൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുന്നതിനും അശരണരെ സഹായിക്കുന്നതിനും ഡൊണേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രാദേശിക സർക്കാരുകളുടെ ദുരിതാശ്വാസ നിധിയുടെ കോർപ്പസ് ഓരോ വർഷവും വർദ്ധിപ്പിക്കും.

സ്വമേധയാ നൽകുന്ന സംഭാവനകൾ സമാഹരിക്കുന്നത് സംബന്ധിച്ച സ്ട്രാറ്റജി കൈകൊള്ളും. ഇത്തരം സംഭാവനകൾ പരസ്യമാക്കുന്നതിന് ഗാന്ധിജയന്തി ദിനം മുതൽ കേരളപിറവിദിനം വരെ പ്രചരണം സംഘടിപ്പിക്കും. സംഭാവനകളുടെ എല്ലാ വിശദാംശങ്ങളും ഗ്രാമ/വാർഡ് സഭകളിൽ രേഖപ്പെടുത്തും.
പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രോജക്ടുകളെ സഹായിക്കുന്നതിനായി സാങ്കേതിക സഹായ ഏജൻസികളെ കണ്ടെത്തും. ഇത്തരം പ്രൊജക്റ്റ് ഏറ്റെടുക്കുവാനും പ്രാദേശിക സർക്കാരുകൾക്ക് പരിശീലനം നൽകുവാനും കിലയുടെ നേതൃത്വത്തിൽ കപ്പാസിറ്റി ബിൽഡിംഗ് പരിപാടി രൂപകൽപ്പന ചെയ്യും. ജില്ലാ ആസൂത്രണ സമിതി നേതൃത്വത്തിൽ പി പി പി സെല്ലുകൾ രൂപീകരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ചെയർമാനായും ധനകാര്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളായുമാണ് ആറാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസ്ഥിതി അവലോകനം ചെയ്ത് അവയ്ക്ക് ധനവിന്യാസം നടത്തുന്നതിനും അവയുടെ തനത് വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമായി ചെലവ് ചെയ്യുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിനും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ കൂടുതൽ ജനപങ്കാളിത്തത്തോടെ സുതാര്യവും ഫലപ്രദമാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുകയായിരുന്നു കമ്മീഷന്റെ പ്രധാന ചുമതല.

BEST SELLERS


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.