Thu. Apr 25th, 2024

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ തയ്യാറാണെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. സര്‍ക്കാര്‍ വിശ്വാസം തെളിയിക്കേണ്ടത് സഭയിലാണ്. ഭൂരിഭക്ഷം തെളിയിക്കാന്‍ ഒരുക്കവുമാണ്. മഹാവികാസ് അഗാഡി സര്‍ക്കാറിനായി ഏതറ്റം വരെയും പോരാടും. സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. പാര്‍ട്ടി എം എല്‍ എമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ദവ് താക്കറേക്ക് എന്‍ സി പി പൂര്‍ണ പിന്തുണ നല്‍കുന്നു. വിമതര്‍ ഉദ്ദവുമായി ചര്‍ച്ച നടത്തണം. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എം എല്‍ എമാരെ തെറ്റിദ്ധരിപ്പിച്ച് കടത്തിക്കൊണ്ടുപോകുകയായിരുന്നു. വിമതരെ ചിലര്‍ വിലക്ക് വാങ്ങിയതാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങളാണ് മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് മില്ലകാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബി ജെ പിയും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണ്. സംസ്ഥാനത്ത് ബി ജെ പി സര്‍ക്കാര്‍ രൂപവത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BEST SELLERS