Fri. Apr 19th, 2024

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ തിരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം പാര്‍ലമെന്റ് അനക്‌സിലാണ് ചേര്‍ന്നത്. യശ്വന്ത് സിന്‍ഹയുടെ പേര് ചില നേതാക്കള്‍ മുന്നോട്ട് വെച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു. ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ മുന്‍കേന്ദ്രമന്ത്രിയാണ്. ഗോപാല്‍ കൃഷ്ണ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെയാണ് പുതിയ പേരിലേക്ക് പ്രതിപക്ഷം നീങ്ങിയത്.

15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപിക്ക് 13,000 വോട്ട് കുറവുണ്ട്. ഏകദേശം 10.86 ലക്ഷം വോട്ടുകളാണ് ആകെയുള്ളത്. അതില്‍ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും 48 ശതമാനം അഥവാ 5.26 ലക്ഷം വോട്ടാണുള്ളത്. ആകെ 50 ശതമാനത്തിലധികം വോട്ട് നേടിയാലാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുക. അതിനാല്‍ ഏതെങ്കിലും പ്രാദേശിക പാര്‍ട്ടിയെ കൂടെക്കൂട്ടിയാല്‍ ബിജെപിക്ക് ജയിക്കാനാകും. ഒഡിഷ മുഖ്യമന്ത്രി നവീന പട്നായിക്കിന്റെ ബിജു ജനതാ ദളിന് ഏകദേശം 31,000, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഏകദേശം 43,000, ആള്‍ഇന്ത്യാ അണ്ണാ ദ്രാവിഡ് മുന്നേറ്റ കഴകത്തിന് ഏകദേശം 15,000 എന്നിങ്ങനെയാണ് വോട്ടുള്ളത്.

ഇവയില്‍ ചിലത് എന്‍ ഡി എ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. 2017ല്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച രാം നാഥ് കോവിന്ദ് വിജയിച്ചത് ടി ആര്‍ എസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ്. എന്നാല്‍ ഇക്കുറി ടി ആര്‍എ സ് തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു പ്രതിപക്ഷ പാര്‍ട്ടികളെ ഏകീകരിക്കാനുള്ള പരിശ്രമത്തിലാണ്. തന്റെ പാര്‍ട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) എന്ന് പേര് മാറ്റി ദേശീയ രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്നു യെശ്വന്ത് സിന്‍ഹ. ചന്ദ്രശേഖര്‍ മന്ത്രിസഭയിലും (1990-1991) ആദ്യ വാജ്പേയി മന്ത്രിസഭയിലും (1998-2002) ധനമന്ത്രിയായിരുന്നു. 2002 ജൂലൈ മുതല്‍ 2004 മേയ് വരെ രണ്ടാം വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അദേഹം വിദേശകാര്യമന്ത്രിയായി. ബി ജെ പി ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായിരിക്കെയാണ് 2018 ല്‍ അദ്ദേഹം ബി ജെ പി ബന്ധം ഉപേക്ഷിക്കുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ബി ജെ പി ക്യാമ്പില്‍ നിന്നുള്ള പുറത്തു കടക്കല്‍.

ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹയുമായി ചേര്‍ന്ന് രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ പട്നയിലെ വേദിയില്‍ വച്ച് അദ്ദേഹം രാജി പ്രഖ്യാപിച്ചു. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് മമതാ ബാനര്‍ജിയുമായി കൈകോര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സമ്മത സ്ഥാനാര്‍ഥിയാകാന്‍ തയ്യാറായതോടെ കോണ്‍ഗ്രസ്സിന്റെയും സി പി എമ്മിന്റെയും അഭ്യര്‍ഥന മാനിച്ച് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നു രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

BEST SELLERS