ന്യൂഡല്‍ഹി: നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വിട്ടയച്ചു. മൂന്നാം ദിനം ഒന്‍പത് മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. നാളെ ഹാജരാകേണ്ടതില്ല.
വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകണം. ഇന്ന് രാവിലെ 11.35ഓടെയാണ് രാഹുല്‍ ഇ ഡി ആസ്ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറിന് ശേഷം ഉച്ചഭക്ഷണത്തിനായി പുറത്തുവീടുകയും വൈകിട്ട് നാലിന് തിരികെയെത്തുകയും ചെയ്തു. പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
കോണ്‍ഗ്രസ് ആസ്ഥാനത്തിനും ഇ ഡി ഓഫീസിനും പുറത്തുനിന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നും കസ്റ്റഡിയിലെടുത്തു. ഇതുവരെ 25 മണിക്കൂറിലേറെയാണ് രാഹുലിനെ ചോദ്യം ചെയ്തത്. തിങ്കളാഴ്ചയാണ് രാഹുല്‍ ആദ്യമായി ഇ ഡിക്ക് മുമ്പാകെ ഹാജരായത്. ആദ്യ ദിവസം പത്ത് മണിക്കൂറിലേറെയും രണ്ടാം ദിനം പത്ത് മണിക്കൂറോളവും ചോദ്യം ചെയ്തിരുന്നു. രാഹുലിന്റെ മാതാവും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധി ജൂണ്‍ 23ന് ഇ ഡിക്ക് മുമ്പാകെ ഹാജരാകണം.