Thu. Apr 18th, 2024

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പോലീസ് കേസ്. സി പി എം പ്രാദേശിക നേതാവ് പ്രമോദ് നല്‍കിയ പരാതിയില്‍ കലാപാഹ്വാനശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐ ടി നിയമങ്ങളുടെ 65-ാം വകുപ്പ് എന്നിവ ചേര്‍ത്താണ് പാലക്കാട് കസബപൊലീസ് കേസെടുത്തത്. നേരത്തേ, കൊടുത്ത മൊഴികള്‍ക്ക് എതിരായ പരസ്യ പ്രസ്താവന നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ സ്വപ്ന ശ്രമിച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.

സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്താന്‍ ശ്രമിച്ചെന്നും സ്വപ്നയുടെ മൊഴി ചിലര്‍ വിശ്വാസത്തില്‍ എടുത്ത് ആക്രമണത്തിന് മുതിരുന്നുവെന്നും പ്രമോദ് നല്‍കിയ പരാതിയിലുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു സി പി പ്രമോദ്. എന്നാല്‍ കേസില്‍ സ്വപ്നയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, കെ ടി ജലീലിന്റെ പരാതിയില്‍ എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പി സി ജോര്‍ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തിരുന്നത്.

BEST SELLERS