Thu. Mar 28th, 2024

ലോകേഷ് കനകരാജ് – കമല്‍ ഹാസന്‍ ചിത്രം വിക്രം രണ്ടാം വാരത്തിലും തിയറ്ററുകളില്‍ സിനിമാപ്രേമികളുടെ ആദ്യ ചോയ്സ് ആയി തുടരുകയാണ് . സമീപകാല ഇന്ത്യന്‍ സിനിമകളിലെ വന്‍ ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്ന ചിത്രം സമീപവര്‍ഷങ്ങളില്‍ ഒരു തമിഴ് ചിത്രം നേടിയ ഏറ്റവും വലിയ വിജയവുമാണ് നേടിയിരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ വന്‍ പ്രതികരണം നേടി പ്രദർശനം തുടരുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് വിക്രം.

വെറും 10 ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ഈ അവിസ്മരണീയ നേട്ടം. 2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. തമിഴ്നാട്ടില്‍ നിന്നു മാത്രം 127 കോടിയാണ് വിക്രം ഇതിനകം നേടിയിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 25 കോടി, കേരളത്തില്‍ നിന്ന് 31 കോടി, കര്‍ണാടകത്തില്‍ നിന്ന് 18.75 കോടി, ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 8.25 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസിലെ കണക്കുകള്‍.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍.

BEST SELLERS