Sunday, June 26, 2022

Latest Posts

സി പി എം, കോണ്‍ഗ്രസ് പ്രതിഷേധം; പലയിടങ്ങളിലും സംഘര്‍ഷം

തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സി പി എമ്മും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ കോണ്‍ഗ്രസും സംസ്ഥാനത്തെങ്ങും തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാത്രി വൈകിയും തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധമുണ്ടായി. പലയിടങ്ങളിലും ഇരുകൂട്ടരും എതിരാളികളുടെ കൊടിമരങ്ങളും ഫ്ലക്‌സ് ബോര്‍ഡുകളും തകര്‍ക്കുകയും ഓഫീസുകൾ ആക്രമിക്കുകയും ചെയ്തു.

കെ പി സി സി ആസ്ഥാനത്ത് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസിന് മുന്നിലേക്ക് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ പ്രതിഷേധിച്ച് രാത്രി ഒന്‍പതിന് ശേഷം ഡി വൈ എഫ് ഐക്കാര്‍ കെ പി സി സി ആസ്ഥാനത്തിന് മുന്നിലേക്ക് സംഘടിച്ചെത്തി. ഡി വൈ എഫ് ഐ പ്രതിഷേധക്കാരെ നേരിടാന്‍ കോണ്‍ഗ്രസുകാര്‍ റോഡില്‍ നിലയുറപ്പിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു. വാഹനങ്ങള്‍ കുറുകെയിട്ടാണ് പോലീസ് സംഘര്‍ഷാവസ്ഥ തടഞ്ഞത്. അങ്ങോട്ടുമിങ്ങോട്ടും ഒന്നുരണ്ട് തവണ കല്ലേറുമുണ്ടായി. പിന്നീട് ഡി വൈ എഫ് ഐക്കാര്‍ പിരിഞ്ഞുപോയി.

കണ്ണൂരില്‍ കെ സുധാകരന്റെ ഭാര്യാവീടിന് നേരെ ആക്രമണമുണ്ടായി. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കെ പി സി സി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ തിരുവനന്തപുരം വെള്ളയമ്പലത്ത് സി ഐ ടി യുടെ ഷെഡ് അടിച്ചുതകര്‍ത്തു. സി പി എമ്മിൻ്റെയും ഡി വൈ എഫ് ഐയുടെയും കൊടിമരങ്ങളുടെ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള സർക്കാർ പരിപാടിയുടെ ഫ്ലക്സും തകര്‍ത്തു. ഇരിട്ടിയില്‍ കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ സംഘര്‍ഷമുണ്ടായി. പലര്‍ക്കും പരുക്കേറ്റു. വിലങ്ങാട് കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു.

പത്തനംതിട്ട മല്ലപ്പള്ളിയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി ഓഫീസിന് നേരെ സിപിഎം അക്രമം. കല്ലെറിഞ്ഞു. കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം സിപിഎം, ഡി വൈ എഫ് ഐ പ നേതാക്കളും പ്രവർത്തകരും പ്രകടനമായി എത്തിയാണ് ആക്രമിച്ചത്. അടൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഡൽഹിയിൽ കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് എം പിമാർക്ക് നേരെ ഡൽഹിയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് വൈകിട്ട് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനം കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ഭവനിൽ എത്തി ഡി വൈ എഫ്‌ ഐ സംഘം ഓഫീസ് അടിച്ച് തകർത്തത്. ഓഫീസിലെ നൂറോളം കസേരകളും ഓഫീസ് ഉപകരണങ്ങളും ഫ്രിഡ്ജ്, ടി വി ഉൾപ്പെടെയുള്ളവയും മഹാത്മ ഗാന്ധിയുടേതുൾപ്പെടെയുള്ള ഫോട്ടോകളും അടിച്ച് തകർത്തു. തുടർന്ന് പ്രകടനത്തിന് ശേഷം കെ എസ് ആർ ടി സി കോർണറിൽ നടന്ന കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ കല്ലും വടിയുമായി ഡി വൈ എഫ് ഐ സംഘം പാഞ്ഞടുത്തു. അക്രമത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
കോൺഗ്രസ് ഭവൻ അടിച്ചു തകർത്ത നടപടിയിൽ പ്രതിഷേധിച്ചു പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഡിവൈഎസ്പി ഓഫീസിന് മുന്നിൽ പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. ഉപരോധം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ണടി പരമേശ്വരൻ, പഴകുളം ശിവദാസൻ, എ സുരേഷ് കുമാർ, ഏഴംകുളംഅജു, തോപ്പിൽ ഗോപകുമാർ, എസ്.ബിനു, ബിജുവർഗീസ് എന്നിവർ പ്രസംഗിച്ചു.
ഇടുക്കിയില്‍ ഡി സി സി പ്രസിഡന്റ് സി പി മാത്യുവിന് നേരെ ഡി വൈ എഫ് ഐയുടെ ആക്രമണ ശ്രമമുണ്ടായതായി കോണ്‍ഗ്രസ് ആരോപിച്ചു. മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ബോക്ക് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. ചവറ പന്മനയിലും കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ സംഘര്‍ഷമുണ്ടായി. കൊച്ചിയില്‍ എറണാകുളം ഡി സി സിയുടെ നേതൃത്വത്തില്‍ രാത്രി റോഡ് ഉപരോധിച്ചു.

എം എസ് അരുണ്‍കുമാര്‍ മാവേലിക്കര എം എല്‍ എയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചിനിടെ കിളിമാനൂരില്‍ വെച്ചാണ് വാഹനം ആക്രമിച്ചതെന്ന് എം എൽ എ പറഞ്ഞു. എം എൽ എയുടെ വാഹനമാണെന്ന് അറിഞ്ഞുതന്നെയാണ് കോൺഗ്രസുകാർ ആക്രമിച്ചതെന്ന് അരുൺകുമാർ പറഞ്ഞു.

BEST SELLERS


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.