Fri. Mar 29th, 2024

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് എതിരെ നിരവധി നുണപ്രചാരണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പക്ഷേ ജനങ്ങള്‍ക്കൊപ്പം നിന്നത് കൊണ്ടും ഇപ്പോഴും അതേ അവസ്ഥയില്‍ തുടരുകയും ചെയ്യുന്നത് കൊണ്ടുമാണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലാണ് നുണ പ്രചാരണം നടത്തിയത്. എന്നിട്ടും ജനങ്ങള്‍ ഇടത് സര്‍ക്കാരിനെ നെഞ്ചിലേറ്റി. ഇത് തങ്ങളുടെ സര്‍ക്കാരാണെന്ന് ജനങ്ങള്‍ നെഞ്ചില്‍ കൈവെച്ച് പറഞ്ഞു. ഏത് ആപല്‍ഘട്ടത്തിലും സര്‍ക്കാര്‍ തങ്ങളെ കൈയ്യൊഴിഞ്ഞിട്ടില്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാര്‍ തുടരുന്നത് അതേ നയമാണ്. സര്‍ക്കാരിനെതിരേ നില്‍ക്കുന്നവര്‍ അവരുടെ നയം തുടരും. നുണപ്രചാരണം നടത്തുന്നവര്‍ അത് തുടട്ടേയെന്നും അതിലേക്ക് കൂടുതലായി കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരയുള്ള ആരോപണങ്ങള്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച കഥകളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ തന്നെ മാധ്യമങ്ങളില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന മാഫിയ ഭീകര പ്രവര്‍ത്തനമാണ്. ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിക്കണം. സംഭവത്തില്‍ യുഡിഎഫിനും പങ്കുണ്ട്. അതുകൊണ്ടാണ് ആരോപണം വന്നതിന് പിന്നാലെ അവര്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

BEST SELLERS