Fri. Mar 29th, 2024

കൊച്ചി: കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിര്‍ണായക ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ഇതുവരെ വിതരണം ചെയ്യാത്ത മെയ് മാസത്തെ ശമ്പളം ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സൂപ്പര്‍വൈസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അതുകഴിഞ്ഞ് ശമ്പളം നല്‍കിയാല്‍ മതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കേസ് ഈ മാസം 21ലേക്ക് മാറ്റി.

കെ എസ് ആര്‍ ടി സിക്ക് വേണ്ടി കൂടുതല്‍ അധ്വാനിക്കുന്നവര്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണെന്നും ഇവര്‍ക്കാണ് ആദ്യം ശമ്പളം നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് വേഗത്തില്‍ ശമ്പളം നല്‍കണം. കെ എസ് ആര്‍ ടി സി മാത്രം എന്തുകൊണ്ടാണ് നഷ്ടത്തിലാകുന്നതെന്നും കോടതി ചോദിച്ചു.

ലാഭത്തിലാകാന്‍ വേണ്ട തന്ത്രങ്ങള്‍ മെനഞ്ഞ് നടപ്പാക്കേണ്ടവരാണ് മാനേജ്‌മെന്റ്. അല്ലാതെ കണക്കുവിവരങ്ങള്‍ മാത്രം പരിശോധിക്കേണ്ടവരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകിയാണ് വിതരണം ചെയ്തത്.

കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് റൂം ആക്കുന്നതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ക്ലാസ് നടത്തുന്നത് നിര്‍ത്തി സര്‍വീസ് നേരെയാക്കാന്‍ ആണ് നിങ്ങള്‍ നോക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസി ബസില്‍ ആര്‍ക്കാണ് നിങ്ങള്‍ ടിക്കറ്റിന് സബ്‌സിഡി നല്‍കുന്നത്. ബസുകള്‍ തുരുമ്പ് എടുക്കുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ ബസുകള്‍ വാങ്ങുന്നത്. കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിന് അവസ്ഥയെന്താണ്? ഈ മാസത്തെ ശമ്പളം എന്തുകൊണ്ട് ജീവനക്കാര്‍ക്ക് നല്‍കിയില്ലെന്നും കോടതി ചോദിച്ചു.

30 കോടി സര്‍ക്കാരില്‍ നിന്ന് കിട്ടിയതല്ലേ? ഡീസല്‍ ഇല്ലാതെ വണ്ടി മുന്നോട്ടു പോകുമോ? അതുപോലെ ശമ്പളമില്ലാതെ മനുഷ്യന് എങ്ങനെ മുന്നോട്ടു പോകാനാകും. കെഎസ്ആര്‍ടിസിയുടെ വലിയ ബാധ്യതയില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഒരുപാട് ചുമതലകള്‍ ഉള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആര്‍ടിസി പോലെ ഇത്രയും പ്രശ്‌നങ്ങള്‍ ഉള്ള ഒരു സ്ഥാപനത്തില്‍ അത് വേണമായിരുന്നോ? കെഎസ്ആര്‍ടിസിയുടെ സമയ ക്രമത്തെ തെറ്റിക്കുന്ന രീതിയിലാണ് തൊഴിലാളികളുടെ സമരം എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

BEST SELLERS