ചെന്നൈ: പ്രണയം നിരസിച്ചതിന് 22 കാരന് 16 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പോലീസ് തിരയുന്നതിനിടെ റെയില്‍വെ ട്രാക്കില്‍ പ്രതിയുടെ മൃതദേഹം കണ്ടെത്തി. 14ഓളം കുത്തേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ട്രിച്ചിയിലെ അതികുളം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. പരീക്ഷ കഴിഞ്ഞ് ബന്ധുവിനെ കാണാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പ്രതി കേശവന് തടഞ്ഞുവച്ചു പ്രണയാഭ്യര്‍ഥന നടത്തി.
പെണ്‍കുട്ടി ഇത് നിരസിച്ചതോടെ കേശവന് ഒളിപ്പിച്ചുവെച്ച കത്തിയെടുത്ത് 14 തവണ കുത്തുകയായിരുന്നു. തുടര്‍ന്ന് കത്തി കൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരാണ് പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം പ്രതിയായ കേശവനെ പോലീസ് തിരയുന്നതിനിടയില്‍ ഇയാളുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി.
2021 ജൂണില്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവനെ നേരത്തെ തന്നെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അടുത്തിടെയാണ് ഇയാള്‍ ജയില്‍ മോചിതനായത്.