Tue. Apr 23rd, 2024

കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ വീഡിയോ ഇറക്കിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് പിടിയിലായത്. വീഡിയോ അപ്ലോഡ് ചെയ്തത് ഇയാളാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് കൊച്ചി പോലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. മദ്യലഹരിയിലായതിനാല്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ വ്യാജ വീഡിയോ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം നാല് പേര്‍ പിടിയിലായിരുന്നു. വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ആളെ കണ്ടെത്താത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിറകെ ഇന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കവെയാണ് കേസിലെ പ്രധാനപ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യാജ വീഡിയോക്കെതിരെ ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കല്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്‌കല്‍ പറഞ്ഞത്.

BEST SELLERS