അമൃത്സര്‍: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയെ വെടിവെച്ചുകൊന്നു. മന്‍സ ജില്ലയിലെ ജവര്കെയില് നടന്ന വെടിവെപ്പിനിടെയാണ് ദാരുണാന്ത്യം. വെടിയേറ്റ മൂസെവാലയെ മന്‍സയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അജ്ഞാത സംഘം 30 റൗണ്ടാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. മൂസെവാലക്കുള്ള വി ഐ പി സുരക്ഷ പഞ്ചാബിലെ ആപ് സർക്കാർ പിൻവലിച്ചതിൻ്റെ പിറ്റേന്നാണ് ഈ ദാരുണ സംഭവം. അമിത ചെലവ് ചൂണ്ടിക്കാട്ടി മൂസെവാല അടക്കം 424 വി ഐ പികളുടെ സുരക്ഷയാണ് സർക്കാർ പിൻവലിച്ചത്.
ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സിദ്ധു മൂസെവാല. മൻസയിലായിരുന്നു മത്സരിച്ചത്. ആപ്പിൻ്റെ ഡോ.വിജയ് സിംഗ്ലയാണ് സിദ്ധുവിനെ പരാജയപ്പെടുത്തിയത്.