Sat. Apr 20th, 2024

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗമായ യഹിയ തങ്ങളാണ് പിടിയിലായത്. തൃശൂര്‍ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങള്‍.

റാലിയില്‍ വിദ്വേഷം മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംഘാടകര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം കേസില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവിനെ പള്ളുരുത്തിയിലെ വീട്ടില്‍ എത്തി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

റാലിക്കിടെയില്‍ വിളിച്ച മുദ്രാവാക്യം തന്നെ ആരും പഠിപ്പിച്ചതല്ലെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി സമരങ്ങളിലടക്കം വിളിച്ച മുദ്രാവാക്യമാണ് ഇവിടെയും വിളിച്ചത്. ആദ്യം ആസാദി എന്ന മുദ്രാവക്യമാണ് വിളിച്ചത് പിന്നീട് നേരത്തെ കേട്ടിട്ടുള്ള മുദ്രാവാക്യം ഓര്‍ത്തെടുത്ത് വിളിക്കുകയായിരുന്നെന്നും കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞു.
മുദ്രാവാക്യം വിളിച്ചപ്പോള്‍ തന്നെ കുറേ പേര്‍ എടുത്ത് തോളില്‍ ഇരുത്തുകയായിരുന്നു. മുദ്രാവാക്യം ബൈഹാര്‍ട്ടായി പഠിച്ചതാണ് അതിന്റ അര്‍ത്ഥമറിയില്ലെന്നും ആറാം ക്ലാസുകാരന്‍ പറഞ്ഞു. കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സാധാരണ പ്രകടനങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. അവിടെ നിന്നു കേട്ടു പഠിച്ചതാകാം മുദ്രാവാക്യമെന്ന് പിതാവും പ്രതികരിച്ചു. ആര്‍എസ്എസിനെ ഉദ്ദേശിച്ചായിരുന്നു മുദ്രാവാക്യമെന്നും പിതാവ്് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറുകയായിരുന്നു.

BEST SELLERS