Fri. Apr 19th, 2024

കാക്കനാട്: എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച അംഗീകാരത്തില്‍ വിറളിപൂണ്ട യു ഡി എഫ് മാന്യത കൈവിട്ടുള്ള നടപടികളിലേക്ക് കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാണെന്ന് അറിഞ്ഞപ്പോള്‍ കള്ളകഥ മെനയുകയാണ്. നെറികെട്ട പ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാക്കനാട് നടന്ന എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി സി ജോര്‍ജിന്റേത് ആര്‍ എസ് എസ് ഭാഷയാണ്. വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തി ആളെ ബി ജെ പി സംരക്ഷിക്കുന്നു. കേരളത്തില്‍ ജോര്‍ജിന്റെ മതം പറഞ്ഞ് വളരാനാണ് ബി ജെ പി ശ്രമിക്കുന്നത്. ജോര്‍ജിനെ പിന്തുണക്കുന്നത് ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണെന്നാണ് ബി ജെ പി പറയുന്നത്. എന്നാല്‍ രാജ്യത്ത് ക്രിസ്ത്യാനികളെ വ്യാപകമായി സംഘ്പരിവാര്‍ വേട്ടയാടുകയാണ്. കര്‍ണാടകയിലടക്കം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കക്കപ്പെടുന്നു. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് സംഘ്പരിവാര്‍ ഭീഷണിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് പോകുന്നു. കേരളത്തില്‍ പല ഘട്ടങ്ങളിലും ബി ജെ പിയുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നു. എനിക്ക് തോന്നിയാല്‍ ബി ജെ പിയിലേക്ക് പോകുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളുടെ സംസ്‌കാരം അതാണ്. ഈ ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് മാത്രമല്ല, യു ഡി എഫ് മൊത്തത്തിലാകും തകരുക. നാട്ടിലുള്ള ഒരു വികസന പ്രവര്‍ത്തനത്തെ പോലും യു ഡി എഫ് പിന്താങ്ങിയിട്ടില്ല. എല്‍ ഡി എഫ് നടപ്പാക്കുന്നുവെന്ന് കണ്ട് എല്ലാത്തിനേയും എതിര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

BEST SELLERS