Wed. Apr 17th, 2024

തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസിൽ പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പിസി ജോർജിന്റെ ജാമ്യാപേക്ഷ നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1:45ന് ഹർജി പരഗണിക്കും. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30-ന് പരിഗണിക്കും. പുറത്തുനിന്നാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്.

കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ ദിവസമാണ് ജോർജിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പൊലീസ് സംഘം ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്കും എത്തിച്ചു.
രാവിലെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോൾ, പൊലീസ് തന്നെ ജയിലിൽ അടയ്ക്കാനുള്ള ധൃതി കാണിക്കുകയാണെന്ന് പി സി ജോർജ് പറഞ്ഞു. പൊലീസ് മർദ്ദിക്കുമെന്ന് ഭയമുണ്ടോയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തോട്, തനിക്ക് ഒന്നിനെയും ഭയമില്ലെന്നായിരുന്നു മറുപടി.

ജയിലിൽ കൊണ്ടുപോകുന്നതിന് മുമ്പുള്ള സാധാരണ വൈദ്യപരിശോധനയ്ക്കാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. പൊലീസ്വാഹനത്തിൽ വെച്ച് പി സി ജോർജിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കി.കോവിഡ് ടെസ്റ്റ് ഫലം നെ?ഗറ്റീവാണ്. നേരത്തെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുന്നതിന് മുമ്പും ജോർജിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

എന്തിനാണ് എന്നെ ഇങ്ങനെ ദേഹണ്ഡിച്ചു കൊണ്ട് നടക്കുന്നതെന്ന് പൊലീസിനോടും ഭരണകർത്താക്കളോടും ചോദിക്ക് എന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം. കോടതി അനുവാദം തരാത്തതിനാൽ വേറൊന്നും പറയാൻ ഇപ്പോഴില്ല. ജാമ്യം ലഭിച്ചശേഷം എല്ലാം പറയാമെന്നും പി സി ജോർജ് പറഞ്ഞു.

BEST SELLERS