അമേരിക്കന്‍ മലയാളിയായ യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച ശിവഗിരി മഠത്തിലെ സന്യാസി സ്വാമി ഗുരു പ്രസാദിനെതിരെ ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി വിശുദ്ധാനന്ദ എഴുതിയ കത്തുകളും, സ്വാമിയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട യുവതിയും ഭര്‍ത്താവും ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് ശിവഗിരി മഠത്തിനെഴുതിയ കത്തും പുറത്തായി.
അമേരിക്കയിലെ മലയാളി കുടംബത്തിന്റെ കത്ത് ശിവഗിരിയില്‍ കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ അതിലുന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെവന്നാവശ്യപ്പട്ട് കൊണ്ട് 2022 ജനുവരി 22 നും, 27 നും ഇപ്പോഴത്തെ ശിവഗിരിമഠാധിപതിക്ക് താന്‍ കത്തുകള്‍ നല്‍കിയിരുന്നെന്നും, എന്നാല്‍ അതിന് ശേഷം കൂടിയ ബോര്‍ഡ് മീറ്റുങ്ങുകളിലെല്ലാം ഈ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ അവഗണിക്കുകയായിരുന്നുവെന്നും മുന്‍ മഠാധിപതി കൂടിയായ സ്വാമി വിശുദ്ധാനന്ദ പറയുന്നു.
സ്വാമി ഗുരുപ്രസാദിന്റെ ദുര് നടപടികള്‍ക്കെതിരെ പുതിയ ഭരണ സമിതി ഒന്നും ചെയ്യാത്തതിലുള്ള എതിര്‍പ്പ് അതിശക്തമായി തന്നെ സ്വാമി വിശുദ്ധാനന്ദ തന്റെ കത്തുകളില്‍ സൂചിപ്പിക്കുന്നുണ്ട്. തന്റെ കളങ്കം മുഴുവന്‍ മറച്ചു വയ്കാനുളള സൗകര്യം പുതിയ ശിവഗിരി ഭരണ സമിതി സ്വാമി ഗുരുപ്രസാദിന് നല്‍കിയെന്നും വിശുദ്ധാനന്ദ തന്റെ കത്തില്‍ ആരോപിക്കുന്നു.
അമേരിക്കയില്‍ സ്ഥാപിക്കുന്ന ആശ്രമത്തിന്റ ആജീവനാന്ത അധികാരിയായി മാറാന്‍ സ്വാമി ഗുരുപ്രസാദ് നടത്തിയ നീക്കങ്ങളെക്കുറിച്ചും എന്നാല്‍ അതിനെതിരെ ശിവഗിരി മഠാധികൃതര്‍ നിശബ്ദത പാലിച്ചതിനെക്കുറിച്ചും വിശുദ്ധാനന്ദ തന്റെ കത്തില്‍ പറയുന്നുണ്ട്. സ്വാമി ഗുരുപ്രസാദിന്റെ വേട്ടയാടലിന് വീര്യം പകരുന്ന കൂട്ടവേട്ടയാടല്ക്കാരായി മാറിയ ശിവഗിരി മഠത്തിന്റെ ഭരണ നേതൃത്വമെന്നും ഇരയുടെ നിലവിളി കേള്‍ക്കാനുള്ള കേള്‍വി ശക്തി മഠത്തിന് നഷ്ടമായോ എന്നും വിശുദ്ധാനന്ദ തന്നെ കത്തില്‍ ചോദിക്കുന്നുണ്ട്്. യുവതിയും ഭര്‍ത്താവും സ്വാമിയുടെ ചെയ്തികളെപ്പറ്റി ശിവഗിരി മഠത്തിന് നല്കിയ പരാതിയില്‍ കൃത്യ സമയത്ത് നടപടികള്‍ എടുത്തിരുന്നെങ്കില്‍ ഈ പ്രശ്നം പരിഹരിച്ച് പോകാന്‍ കഴിയുമായിരുന്നെന്നും വിശുദ്ധാനന്ദ കത്തില്‍ പറയുന്നു.