Fri. Mar 29th, 2024

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. മേയ് 16ന് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയെന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ പത്രികയും നല്‍കി. യു പിയില്‍ നിന്നാണ് പത്രിക നല്‍കിയത്‌. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഒപ്പമെത്തിയാണ് പത്രിക നല്‍കിയത്. നെഹ്‌റു കുടുംബം കഴിഞ്ഞാല്‍ വര്‍ത്തമാന ഇന്ത്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാണ് ഇപ്പോള്‍ പാര്‍ട്ടിയ കൈവിട്ടിരിക്കുന്നത്. സമീപകാലത്ത് തിരിച്ചടികള്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഇത് താങ്ങുവന്നതിലും ഏറെയാണ്.

മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സിബല്‍ പറഞ്ഞു. ഇതിന് പ്രാദേശിക പാര്‍ട്ടികളുടെ വിശാല സഖ്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ സ്വതന്ത്രനായാണ് നില്‍ക്കുകയെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെ നോമിനിയായി പത്രിക നല്‍കിയ സിബല്‍ ആ പാര്‍ട്ടിയില്‍ തന്നെ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ചിരുന്ന ജി23 നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍. അടുത്തകാലത്ത് പാര്‍ട്ടിയുടെ പല നിലപാടുകള്‍ക്കെതിരേയും അദ്ദേഹം പ്രതികരിച്ചിരുന്നു. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരച്ചടി രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ക്കെതിരെ അദ്ദേഹം ആയുധമാക്കിയിരുന്നു. നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളയാള്‍ നേതൃത്വത്തിലേക്ക് വരണമെന്നും സംഘടനാ സംവിധാനം അടിമുടി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടിരിക്കുന്നത്.

സാധാരണ കോണ്‍ഗ്രസ് വിട്ട പല നേതാക്കളും ബി ജെ പിയിലേക്കാണ് പോകാറുള്ളത്. എന്നാല്‍ ബി ജെ പിക്കെതിരായ മതനിരപേക്ഷ ശക്തികളുടെ ഐക്യമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് കപില്‍ സിബില്‍ വ്യക്തമാക്കി കഴിഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ കപില്‍ പാര്‍ട്ടിവിട്ടതില്‍ വിശദീകരണം നല്‍കുക എന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകും.

BEST SELLERS