Fri. Mar 29th, 2024

കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ഒളിവിൽ കഴിയുന്ന മുൻ എംഎൽഎ പി സി ജോർജിനായി പോലീസ് ഇന്നും തിരച്ചിൽ നടത്തുന്നു. പി സിയുടെ ഗൺമാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് പി സി ഒളിവിൽ പോയത്.

പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പോലീസ് സംഘം ഇന്നലെ പരിശോധനക്ക് എത്തിയിരുന്നു. എന്നാൽ പി സി വീട്ടിൽ ഉണ്ടായിരുന്നില്ല. ബന്ധുവിന്റെ മാരുതി എസ് ക്രോസ് കാറിലാണ് ശനിയാഴ്ച പി സി ജോർജ് വീട്ടിൽ നിന്ന് കടന്നത് എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലിസ് ആ വഴിക്കും അന്വേഷണം നടത്തന്നുണ്ട്. ബന്ധുവായ ഡെജോ പ്ലാന്തോട്ടത്തിന്റേ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.
പി സി ജോർജ് കേരളം വിടാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ആ നിലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത് വരെ ജോര്‍ജ് മാറി നില്‍ക്കുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിക്കുന്നത്.

വെണ്ണലയില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ചായിരുന്നു പ്രസംഗം. പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്ന് പാലാരിവട്ടം പോലീസാണ് കേസെടുത്തത്.

BEST SELLERS