Fri. Mar 29th, 2024

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് സാമുവല്‍ വിന്‍സെന്റിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് സംഘമാണ് മൊഴിയെടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ദിലീപിന് ജാമ്യം ലഭിക്കാന്‍ ബിഷപ്പ് ഇടപെട്ടുവെന്നും പകരം പണം ലഭിച്ചുവെന്നുമാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നത്. ദിലീപിന് വേണ്ടി താനാണ് ബിഷപ്പിനെ സമീപിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അതേസമയം, ബാലചന്ദ്രകുമാറിനെ പരിചയമുണ്ടെന്നും എന്നാല്‍, ദിലീപിന് വേണ്ടി ഇടപെട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് പദ്ധതിയിട്ടുവെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബിഷപ്പിന്റെ മൊഴിയെടുത്തത്. നേരത്തേ, ബിഷപ്പിന്റെ പ്രതിനിധി കൊച്ചിയിലെത്തി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിരുന്നു.

BEST SELLERS