ന്യൂഡല്‍ഹി: ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് തീരുവ വീണ്ടും കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നികുതി കൂടി ആനുപാതികമായി കുറയുമ്പോള്‍, ആത്യന്തികമായി കേരളത്തില്‍ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും. വിലക്കുറവ് നാളെ രാവിലെ മുതൽ പ്രാബല്യത്തിലാകും.
പാചക വാതക സിലിന്‍ഡറിന് 200 രൂപ സബ്സിഡി നല്‍കും. ഉജ്വല്‍ യോജന ഉപഭോക്താക്കള്‍ക്കാണ് വര്‍ഷം 12 സിലിന്‍ഡറുകള്‍ക്ക് ഈ സബ്സിഡി ലഭിക്കുക. ഇതോടെ എല്‍ പി ജി സിലിന്‍ഡറിന് 200 രൂപ കുറയും. രാജ്യത്തെല്ലായിടത്തും സിലിന്‍ഡറിന് ആയിരം രൂപ കടന്നിരുന്നു.
അവശ്യസാധനങ്ങള്‍ക്കകം വിലക്കയറ്റം രൂക്ഷമായ രാജ്യത്ത്, അതിന് തടയിടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തിരക്കിട്ട നീക്കം. ഇതിന്റെ ഭാഗമായാണ് എക്സൈസ് തീരുവ കുറച്ചത്. പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് കണക്കെ കുതിച്ചതില്‍ രാജ്യത്താകമാനം വലിയ ജനരോഷമുയര്‍ന്നിരുന്നു. ഏപ്രിലിലെ ചില്ലറ വിൽപ്പന മേഖലയിലെ വിലക്കയറ്റം എട്ട് വർഷത്തെ ഉയർന്ന നിലയിലായിരുന്നു. മൊത്ത വിപണിയിലും വിലക്കയറ്റം റെക്കോർഡ് ഉയർച്ചയിലാണ്. പണപ്പെരുപ്പം കാരണം റിസർവ് ബേങ്ക് ഈയടുത്ത് റിപ്പോ നിരക്ക് വർധിപ്പിച്ചിരുന്നു.